ആലുവ: പെരിയാറിന്റെ കൈവഴിയായ ഒഞ്ഞിത്തോട് പുഴ സംരക്ഷിക്കാനുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓഞ്ഞിത്തോട് സംരക്ഷണ സമിതി നവകേരള സദസിൽ നൽകിയ നിവേദനം തിരികെ കടുങ്ങല്ലൂർ പഞ്ചായത്തിൽ. വിഷയത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കാണ് നിവേദനം ലഭിച്ചത്.
ഓഞ്ഞിത്തോട് സംരക്ഷണ സമിതി പഞ്ചായത്തിനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ പഞ്ചായത്തിന് തന്നെ തിരിച്ചയക്കുകയായിരുന്നു. കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായി മാറേണ്ട പുനരുദ്ധാരണ പാക്കേജ് സർവെ നടപടികൾക്കുശേഷം നിശ്ചലമാണെന്ന പരാതിയാണ് ഉത്തരവാദിയായ പഞ്ചായത്തിന് തന്നെ തിരിച്ചയച്ചത്. കുറുക്കന്റെ കൈയിലേക്ക് കോഴിയെ എറിഞ്ഞു കൊടുത്തപ്പോലെയായി ഈ നടപടിയെന്ന് ഓഞ്ഞിത്തോട് സംരക്ഷണ സമിതി കൺവീനർ കെ.എസ്. പ്രകാശ് ആരോപിച്ചു.
ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് 2021 സെപ്റ്റംബറിൽ കൈയേറ്റ സ്ഥലങ്ങൾ വീണ്ടെടുത്ത് സർവെ ആരംഭിച്ചത്. 64 കൈയേറ്റങ്ങളാണ് കണ്ടെത്തിയത്. കടുങ്ങല്ലൂർ പഞ്ചായത്തിൽ 46 ഏക്കറും ആലങ്ങാട് പഞ്ചായത്തിൽ 17 ഏക്കറും കൈയേറ്റഭൂമി കണ്ടെത്തി. അതിർത്തി കല്ലുകൾ ഇടുന്നത് പൂർത്തിയാക്കാൽ രണ്ട് പഞ്ചായത്തുകളും ഇതുവരെയും സഹകരിച്ചിട്ടില്ല.
തോടിന്റെ പുനരുദ്ധാരണത്തിന് പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൽ മൈനർ ഇറിഗേഷൻ വിഭാഗം തയാറാണ്. ഒന്നര വർഷം കഴിഞ്ഞിട്ടും രണ്ട് പഞ്ചായത്തുകളും ഈ വിഷയത്തിൽ പ്രതികരിക്കാൻ തയാറായിട്ടില്ല. ഇതിനെതിരെ നൽകിയ നിവേദനമാണ് സർക്കാർ അതേ പഞ്ചായത്തുകൾക്ക് അയച്ച് തലയൂരിയത്.