
കൊച്ചി: കൊച്ചി നഗരവാസികളുടെ സമഗ്ര മാനസികാരോഗ്യ പരിപാലനത്തിനായുള്ള 'ഹാപ്പിനെസ് കൊച്ചി' കെയറിംഗ് ഫോർ ദി വെൽനെസ് ഒഫ് ഓൾ പദ്ധതി മാനസികാരോഗ്യ വിദഗ്ദ്ധൻ ഡോ. ഫിലിപ്പ് ജോൺ ഉദ്ഘാടനം ചെയ്തു.
മേയർ അഡ്വ. എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ.എ അൻസിയ മുഖ്യാതിഥിയായി. വിശിഷ്ടാതിഥിയായ യോഗ തെറാപ്പിസ്റ്റ് ഡോ. അഖില വിനോദ് 'സ്‌ട്രെസ് മാനേജ്മന്റ്' എന്ന വിഷയത്തിൽ ക്ലാസെടുത്തു.
നഗരത്തിലെ എല്ലാ വിഭാഗത്തിലും ഉൾപെടുന്നവരുടെ മാനസികാരോഗ്യ പരിപാലനത്തിന് വേണ്ടിയുള്ള സമഗ്രമായ പദ്ധതിയാണിത്. നഗരവാസികളുടെ മാനസികാരോഗ്യം ഗുണപരമായി ഉയർത്തി കൊണ്ടുവരികയും നഗരത്തിൽ മാനസികാരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി കപ്പൽ ശാലയുടെ സി.എസ്.ആർ സഹായത്തോടെയാണ് പദ്ധതി.
വിദ്യാഭ്യാസ കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത്, കോർപറേഷനിലെ സ്ഥിരം സമിതി ചെയർമാൻമാരായ പി.ആർ റെനീഷ്, ഷീബ ലാൽ, സുനിത ഡിക്‌സൺ, പ്രിയ പ്രശാന്ത്, ടി.കെ. അഷറഫ്, സനിൽ മോൻ. ജെ, സി.എസ്.ആർ മാനേജർ ശശീന്ദ്ര ദാസ്, സിഹെഡ് ഡയറക്ടർ ഡോ.രാജൻ, കോർപറേഷൻ സെക്രട്ടറി ചെൽസ സിനി എന്നിവർ സംസാരിച്ചു.