high-court-and-mariyakkut

കൊച്ചി: ക്ഷേമപെൻഷനിൽ ഹൈക്കോടതിയുടെ മൂന്നു ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ സർക്കാർ. മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നും, കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തുന്നതാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞത് ചൂടേറിയ തർക്കങ്ങൾക്കും വാദങ്ങൾക്കും വഴിയൊരുക്കി.

കോടതിയുടെ ചോദ്യങ്ങൾ

ക്ഷേമപെൻഷൻ 1,600 രൂപയാക്കിയത് കേന്ദ്രവുമായി ആലോചിച്ചാണോ?

ഇവയ്ക്കുള്ള ബഡ്‌ജറ്റ് വിഹിതം എത്ര ?

കേന്ദ്ര വിഹിതം എത്ര?

ഹർജിയിൽ ഇടക്കാല ഉത്തരവ് സിംഗിൾബെഞ്ച് പറഞ്ഞു തുടങ്ങിയപ്പോഴാണ് കോടതി പരാമർശങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും ഇതൊക്കെ മാദ്ധ്യമങ്ങളിൽ വന്നെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞത്. ഉത്തരവിൽ പറയാത്ത എന്തു പരാമർശമാണ് കോടതി പറഞ്ഞതായി വന്നതെന്ന് വ്യക്തമാക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. എല്ലാവരും സോഷ്യൽ മീഡിയയിലാണ് ജീവിക്കുന്നതെന്ന് കരുതരുതെന്നും കോടതി പറഞ്ഞു. തുടർന്ന് ഈ പരാമർശങ്ങൾ സർക്കാർ അഭിഭാഷകൻ പിൻവലിച്ചു. ഇക്കാര്യം കോടതി ഇടക്കാല ഉത്തരവിലും വ്യക്തമാക്കി.