മൂവാറ്റുപുഴ: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വാഹനത്തിരക്ക് വർദ്ധിച്ചതോടെ നഗരം ഗതാഗതക്കുരുക്കിൽ. ഇതോടെ യാത്രക്കാരുടെ ദുരിതം വർദ്ധിച്ചു. കുരുക്ക് രൂക്ഷമായതോടെ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസുകാർ
റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കേണ്ടിവന്നു.
ഉച്ചയോടെ ആരംഭിക്കുന്ന ഗതാഗതക്കുരുക്ക് വൈകിയും തുടരുകയാണ്. നഗരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നുണ്ട്.
വെള്ളൂർകുന്നത്ത് നിന്ന് പി.ഒ. ജംഗ്ഷനിൽ എത്താൻ അരമണിക്കൂറോളം വേണ്ടിവരുന്നു. ഇന്നലെ ഉച്ച മുതൽ തന്നെ നഗരത്തിലെ എല്ലാ റോഡുകളും വാഹനങ്ങളാൽ നിറഞ്ഞിരുന്നു. മൂന്നു സംസ്ഥാന പാതകളും ദേശീയപാതയും കടന്നു പോകുന്ന നഗരത്തിലെ റോഡുകളെല്ലാം വാഹനപ്പെരുപ്പത്താൽ വീർപ്പുമുട്ടി. എറണാകുളം റോഡിൽ അമ്പലം പടിവരെയും എം.സി റോഡിൽ പായിപ്ര കവല വരെയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടിരുന്നു. ഉപറോഡുകളും വാഹനങ്ങൾ കൈയടക്കിയതോടെ ഗതാഗതം താറുമാറായി. അനധികൃത പാർക്കിംഗ് ട്രാഫിക് ബ്ലോക്ക് കൂടുതൽ രൂക്ഷമാക്കുകയും ചെയ്തു.