beena

പള്ളുരുത്തി:ചലചിത്ര സംഘടനയായ അമ്മ നിർമ്മിച്ച് നൽകിയ അക്ഷര വീട്ടിൽ സഹോദരങ്ങളുടെ അവഗണന നിമിത്തം അരക്ഷിതാവസ്ഥയിലാവുകയും താമസിക്കുവാനാവാതെ വീട് വിട്ടിറങ്ങിയ ചലച്ചിത്ര നടി ബീന കുമ്പളങ്ങിക്ക് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയമൊരുക്കും. കൊടുമൺ കുളത്തിനാലിൽ പ്രവർത്തിക്കുന്ന മഹാത്മ ജീവകാരുണ്യ ഗ്രാമത്തിലേക്കാണ് ബീനയെ എത്തിച്ചത്. ഇന്നലെ മഹാത്മ ജനസേവന കേന്ദ്രം രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകയു ചലചിത്ര നടിയുമായ സീമ ജി നായർ, മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല , സെക്രട്ടറി പ്രീഷിൽഡ ആന്റണി, മഹാത്മ ലീഗൽ അഡ്വൈസർ അഡ്വ. മുജീബ് റഹ്മാൻ എന്നിവർ കൊച്ചിയിലെത്തി ബീനയുടെ സംരക്ഷണം ഏറ്റെടുത്തു. രാവിലെ 10.30 ന് പള്ളുരുത്തി പൊലിസ് സ്റ്റേഷനിൽ എത്തി തന്റെ വീട് കൈവശപ്പെടുത്താൻ ശ്രമിക്കുന്നവർക്കും തന്റെ ജീവിതത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചവർക്കുമെതിരെ പരാതി നൽകിയിരുന്നു. കൂടാതെ തന്റെ സുരക്ഷിതമായ ജീവിതത്തിന് അടൂർ മഹാത്മയിൽ അഭയം തേടുന്ന വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്ത ശേഷമാണ് അടൂരിലേക്ക് പോയത്.