eblaserry

കൊച്ചി: പഴയ ആലുവ - മൂന്നാർ റോഡിൽ എളമ്പ്ളാശേരി മുതൽ കുറത്തിക്കുടി വരെയുള്ള വനമേഖലയിലൂടെ സഞ്ചരിക്കാൻ പാസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നേരത്തെ ഈ റൂട്ടിലൂടെ സഞ്ചരിക്കാൻ പൊതുജനങ്ങൾക്ക് തടസമുണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ കാട്ടാനശല്യം പതിവായ ഈ മേഖലയിലൂടെ നിയന്ത്രണമില്ലാതെ യാത്രക്കാർ കടന്നു പോകുന്നത് നിരവധി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ റിവ്യൂ ഹർജിയിലാണ് പാസ് ഏർപ്പെടുത്താൻ ഡിവിഷൻ ബെഞ്ച് വനം വകുപ്പിന് നിർദ്ദേശം നൽകിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇതുവഴി കടന്നു പോകുന്നവരുടെ യാത്രയുടെ ഉദ്ദേശ്യം പരിശോധിച്ച് പാസ് നൽകാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുള്ളത്.

നേരത്തെ ഈ റൂട്ടിൽ വനംവകുപ്പ് ചെക്ക് പോസ്റ്റ് സ്ഥാപിച്ചതു ചോദ്യം ചെയ്ത പ്രദേശവാസികൾ നൽകിയ ഹർജിയിൽ നവംബർ മൂന്നിനാണ് യാത്രാതടസം ഉണ്ടാകരുതെന്ന് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവു പുന: പരിശോധിക്കാനാണ് സർക്കാർ റിവ്യൂ ഹർജി നൽകിയത്.

മേഖലയിലൂടെ കടന്നു പോകുന്നവരുടെ ലിസ്റ്റ് പഞ്ചായത്തിനു നൽകാനാവുമെന്നും പഞ്ചായത്ത് നൽകുന്ന ലിസ്റ്റ് പരിശോധിച്ച് യാത്രയുടെ ഉദ്ദേശ്യം വിലയിരുത്തി വനം വകുപ്പ് പാസ് നൽകണം. ഈ റൂട്ടിലൂടെയുള്ള അനാവശ്യ യാത്രകൾ തടയാനാണ് നിർദ്ദേശമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.