
വൈപ്പിൻ: വൈപ്പിൻ ബീച്ചിൽ ടൂറിസം മേളയുടെ കാലം ആരംഭിച്ചു. വിദേശികളെ ആകർഷിക്കുന്നതോടൊപ്പം ആഭ്യന്തരസഞ്ചാരികളെ ബീച്ചുകളിലെത്തിക്കുന്നതിനും തദ്ദേശീയരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടിട്ടുള്ളതാണ് മേളകൾ. സർക്കാരിൽ നിന്ന് ഫണ്ട് ലക്ഷ്യമാക്കാതെ തദ്ദേശീയരിൽ നിന്ന് സംഭാവനകൾ വാങ്ങിയാണ് മേളകൾ നടത്തുന്നത്.
ചെറായി ബീച്ച് ടൂറിസം മേള
നിരവധി കലാപരിപാടികൾ അവതരിപ്പിച്ചും സമാപനദിവസം ഗജമേള നടത്തിയും ഏറെ പ്രശസ്തമായിരുന്നു ചെറായി ബീച്ച് ടൂറിസം മേള. എന്നാൽ സാമ്പത്തിക ലഭ്യത കുറഞ്ഞതോടെ വൻ പരിപാടികൾ ഒഴിവാക്കിയാണ് ഇപ്പോൾ ചെറായിയിൽ മേള സംഘടിപ്പിക്കുന്നത്.
ചെറായി ബീച്ച്, ചെറായിയുടെ വടക്കുഭാഗത്തുള്ള കാറ്റാടി ബീച്ച്, പുതുവൈപ്പ് എന്നിവിടങ്ങളിലാണ് ഇത്തവണ മേളകൾ നടക്കുന്നത്. ചെറായി ബീച്ചിലെ മേളയ്ക്ക് ഇന്നലെ രാവിലെ മാലിന്യലഹരിമുക്ത പഞ്ചായത്ത് എന്ന സന്ദേശമുയർത്തി ബീച്ച് മാരത്തണോടെ തുടക്കമായി. മേള കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കലാപരിപാടികൾ സിനിമാതാരം ബാലയും ലൈറ്റ് ഫെസ്റ്റ് വേണഗോപാൽ വെമ്പിള്ളിയും ഉദ്ഘാടനം ചെയ്തു. 25ന് വനിതാസമ്മേളനം സിനിമാതാരം ഗായത്രി വർഷ ഉദ്ഘാടനം ചെയ്യും. 26ന് സുനാമി അനുസ്മരണം, 27ന് ഭിന്നശേഷി കലാകാരൻമാരുടെ പരിപാടികൾ, 28ന് കുടുംബശ്രീ കലാമേള, 29ന് സാംസ്‌കാരികസമ്മേളനം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. 30ന് സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് ബിജു ജയാനന്ദന് ആദരവ്, 31ന് സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി എസ്.ശർമ്മ പ്രസംഗിക്കും. രാത്രി ഗാനമേള, വർണ്ണമഴ എന്നിവയോടെ മേളക്ക് സമാപനമാവും.
പള്ളിപ്പുറം കാറ്റാടി ബീച്ച് മേള
പള്ളിപ്പുറം കാറ്റാടി ബീച്ച് മേളക്കും ഇന്നലെ തുടക്കമായി. കാറ്റാടി ബീച്ചിന്റെ സമഗ്രവികസനത്തന് അടുത്തവർഷം തുടക്കം കുറിക്കുമെന്ന് മേള ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എൻ.ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇതിന് ആവശ്യമായ തുക സർക്കാരിൽനിന്നും ടൂറിസം വകുപ്പിൽ നിന്നും എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കും.
പുതുവൈപ്പ് മേള
പതിനൊന്ന് ദിവസം നീളുന്ന പുതുവൈപ്പ് ടൂറിസം മേള കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കും തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ, വൈസ് പ്രസിഡന്റ് കെ.എം.സിനോജ്കുമാർ, മേള ചെയർമാൻ ടൈറ്റസ് പറപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് എല്ലാ ദിവസവും രാത്രി 8 മണിക്ക് വിവിധ കലാപരിപാടികൾ അരങ്ങേറും. ജനുവരി 1ന് മേളയ്ക്ക് സമാപനമാകും.