അങ്കമാലി: നഗരസഭ പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ കർമ്മ പദ്ധതി രൂപീകരിച്ചു. കഴിഞ്ഞ മാസം അപ്രതീക്ഷിത തീവ്ര മഴയിൽ ടൗണിലെ റോഡുകൾ നിറഞ്ഞ് ഒഴുകുകയും കച്ചവടകേന്ദ്രങ്ങളിൽ വലിയ തോതിൽ വെള്ളം കയറുകയും ചെയ്തിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് മഴയിൽ ടൗണിലുണ്ടായത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഏജൻസികളും നഗരസഭ അധികൃതരും വ്യാപാരികളും ചേർന്ന് വെള്ളക്കെട്ടിന് പരിഹാരം കാണാൻ കർമ്മ പദ്ധതി ആവിഷ്കരിച്ചത്.
കാനകളുടെ അനധികൃത കൈയേറ്റവും അശാസ്ത്രീയ നിർമ്മാണവുമാണ് വെള്ളക്കെട്ടിന്റെ അടിസ്ഥാന കാരണമെന്ന് സ്ഥല പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. കാനകളുടെ പൂർണമായ വിവരങ്ങൾ ശേഖരിക്കാനും വ്യാപ്തി കൂട്ടാനും സ്ലോപ്പ് വർദ്ധിപ്പിക്കാനും ഭിത്തികൾ കെട്ടിസംരക്ഷിക്കാനും തീരുമാനമായി. അനധികൃത പൈപ്പുകൾ നീക്കം ചെയ്യാനും കലുങ്കുകൾ നിർമ്മിക്കാനും നീരൊഴുക്ക് ഉറപ്പുവരുത്താനും കാനകൾക്ക് മുകളിൽ സ്ലാബുകൾ വിരിക്കാനും അവശ്യസ്ഥലങ്ങളിൽ കൈവരികളോടെ നടപ്പാതകൾ നിർമ്മിക്കാനുംവേണ്ട കാര്യങ്ങളാണ് അടിയന്തര പ്രാധാന്യത്തോടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റോജി എം. ജോൺ എം.എൽ.എ, നഗരസഭാ ചെയർമാൻ മാത്യുതോമസ്, നഗരസഭാ സെക്രട്ടറി ജെയിൻ വർഗീസ്, റീത്തപോൾ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, ലക്‌സിജോയി, ലിസിപോളി, ടി.വൈ. ഏല്യാസ്, ബെന്നി മൂഞ്ഞേലി, ജെയിൻ പാത്താടൻ, പോൾജോവർ, സന്ദീപ് ശങ്കർ, ഡാന്റി ജോസ്, പാരീസ് ബൈജു , കെ. കെ.ജോഷി തുടങ്ങിയവർ അടങ്ങിയ സംഘം നേരിട്ട് സ്ഥലം സന്ദർശിച്ചാണ് പദ്ധതിക്ക് രൂപം കൊടുത്തത്.