deepam

കൊച്ചി: തലസ്ഥാനത്ത് മാത്രമല്ല ഇനി കൊച്ചി നഗരത്തിലും പുതുവർഷത്തിൽ ദീപാലംകൃത വീഥിയൊരുങ്ങും. മറൈൻ ഡ്രൈവിൽ ദീപാലങ്കാര പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. മേയർ എം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് തീരുമാനമെടുത്തത്.

പുതുവത്സരാഘോഷത്തിന് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലമാണ് കൊച്ചി. ഫോർട്ട്കൊച്ചിയിൽ കാർണിവലിനായും ഏറെപ്പേരെത്തും. ഇവർക്കെല്ലാം ദീപാലങ്കാരം കൗതുകമാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. ബോട്ട് ജെട്ടി റോഡ് മുതൽ ദീപാലങ്കാരം നടത്താനായിരുന്നു മേയർ ആവശ്യപ്പെട്ടതെങ്കിലും കരാർ ഏറ്റെടുത്ത കമ്പനി മറൈൻ ഡ്രൈവ് തിരഞ്ഞെടുക്കുകയായിരുന്നു. 30 ലക്ഷം രൂപയുടെ ദീപാലങ്കാര പ്രവർത്തനങ്ങളാണ് മറൈൻഡ്രൈവിൽ നടപ്പാക്കുക. ഫ്ലവ‌ർ ഷോയോടൊപ്പം ദീപാലങ്കാരം കൂടി നടപ്പിലാക്കുന്നതോടെ കാണികളുടെ പങ്കാളിത്തം വർദ്ധിക്കും. സ്വകാര്യ കമ്പനിയാണ് ദീപാലങ്കാരത്തിന് കരാർ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി വിജയകരമായാൽ അടുത്തവർഷം മുതൽ വിപുലമായ രീതിയിൽ നഗരത്തിൽ ദീപാലങ്കാരം നടത്താനാണ് ലക്ഷ്യം.

പുതുവത്സര ആഘോഷ പരിപാടികളുടെ ഭാഗമായി സഞ്ചാരികൾ വരുന്ന മറൈൻഡ്രൈവിൽ ശ്രദ്ധേയമായ വിളക്കുകൾ സ്ഥാപിക്കും. ടൂറിസം വകുപ്പ് തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി വിജയകരമായി നടത്തിയിരുന്നത്. 30ന് വൈകിട്ട് ആറിന് മറൈൻഡ്രൈവിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ജി.സി.ഡി.എ പങ്കാളിത്തം

ജി.സി.ഡി.എ കൊച്ചി നഗരത്തിലെ മറ്റു സംഘടനകൾ എന്നിവരുടെയും പിന്തുണ പദ്ധതിക്ക് ശോഭ കൂട്ടും. കൂടാതെ നഗരസഭ 4157000 രൂപയുടെ ദീപാലങ്കാരം കൊച്ചി, പള്ളുരുത്തി മേഖലയിലും നടത്തും. സർക്കാർ സഹായം കൂടി വരുന്നതോടെ ഏകദേശം 70 ലക്ഷം രൂപയുടെ ദീപാലങ്കാരമാണ് എറണാകുളത്ത് നടത്തുക.

അദ്യഘട്ടമായതിനാൽ മിതമായ രീതിയിലാണ് ദീപാലങ്കാരം നടപ്പിലാക്കുക. ഇത് വിജയകരമായാൽ അടുത്ത വ‌ർഷം മുതൽ നഗരത്തിൽ വിപുലമായി ദീപാലങ്കാരം നടത്തും. ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല പിന്തുണ ഉണ്ടായാൽ മാത്രമേ പദ്ധതി വിജയിക്കൂ

എം. അനിൽകുമാർ

മേയർ