
തൃപ്പൂണിത്തുറ: ഇരുമ്പനം വെട്ടുവേലി കടവിൽ നിന്ന് ആരംഭിച്ച് പൂത്തോട്ട മുറിഞ്ഞപുഴയിൽ ചേരുന്ന17 കി.മീറ്റർ ദൈർഘ്യമുള്ള കോണോത്തു പുഴയുടെ നവീകരണം വൈകുന്നു. തൃപ്പൂണിത്തുറ നഗരസഭ അടക്കം അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയാണ് പുഴ കടന്നുപോകുന്നത്.
പുഴയിലെ കൈയേറ്റങ്ങൾ തടയാൻ രൂപീകരിച്ച മണകുന്നം വില്ലേജ് പാടശേഖര സംരക്ഷണ സമിതി, ദേശീയ ഹരിത ട്രൈബ്യൂണലിന് നൽകിയ ഹർജി തീർപ്പാക്കി ആറുമാസത്തിനകം പുഴയിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ശുചീകരിച്ച് ഇരു കരകളിലും ബണ്ടു പിടിപ്പിച്ച് സംരക്ഷിക്കണമെന്ന വിധി വന്നിട്ട് ഒന്നര വർഷം പൂർത്തിയായി.
വിധിയെ തുടർന്ന് നവീകരണത്തിന് സംസ്ഥാന സർക്കാർ 26 കോടി അനുവദിച്ചു. പുഴയുടെ പുനരുജ്ജീവനത്തിനുള്ള സാങ്കേതിക അനുമതിയും 8 മാസം മുമ്പ് ലഭിച്ചു. ഒന്നാം ഘട്ട നവീകരണത്തിന് 18 കോടി രൂപയും അനുവദിച്ചു. എന്നാൽ പിന്നീട് നടപടിയൊന്നുമായില്ല.
നിലവിൽ പുഴ പൂർണമായും മലിനപ്പെട്ടു മൂടിക്കിടക്കുകയാണ്. ഇരുകരകളിലുമുള്ള സ്വകാര്യ വ്യക്തികളുടെ കൈയേറ്റം മൂലം വീതി പലയിടത്തും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നാളിതുവരെ പ്രാദേശിക ഭരണകൂടങ്ങൾ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയോ പദ്ധതിയുടെ നിർമ്മാണ ചുമതലയുള്ള മൈനർ ഇറിഗേഷൻ വകുപ്പ് പുഴ ശുദ്ധീകരണത്തിനുള്ള ടെൻഡർ ക്ഷണിക്കുകയോ ചെയ്തിട്ടില്ല.
എറണാകുളം ജില്ലാ കളക്ടറാണ് പുഴ നവീകരണത്തിനുള്ള നോഡൽ ഓഫീസർ. എന്നാൽ അദ്ദേഹവും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൈയേറ്റം ഒഴിയാൻ ആവശ്യപ്പെട്ട് ഉദയംപേരൂർ പഞ്ചായത്ത് 16 പേർക്കും മുളന്തുരുത്തി പഞ്ചായത്ത് നാലുപേർക്കും നോട്ടീസ് അയച്ചതല്ലാതെ മറ്റു നടപടികൾ ഒന്നും സ്വീകരിച്ചില്ല.
തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ 22 പേർ പുഴ കൈയേറിയതായി കണ്ടെത്തി. അതിൽ സർക്കാർ സ്ഥാപനങ്ങൾ പോലും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ 2023 ഏപ്രിലിലാണ് 11 പേർക്ക് കൈയേറ്റം ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് പോലും നൽകിയത്.
'സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് പുഴ ശുദ്ധീകരിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കണം'. പി.കെ.രഞ്ജൻ
പ്രസിഡന്റ്
മണകുന്നം വില്ലേജ്
പാടശേഖര സംരക്ഷണ സമിതി.