pramod-maliankara-

പറവൂർ: വടക്കൻപാട്ടിന്റെ ഈണത്തിൽ ഹയർസെക്കൻഡറി സാമ്പത്തികശാസ്ത്ര പാഠം തയ്യാറാക്കുകയാണ് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ പ്രമോദ് മാല്യങ്കര. 'വടക്കൻപാട്ടും ഇക്കണോമിക്സും" സ്റ്രഡി ആൽബത്തിൽ മൂന്ന് മിനിട്ടുള്ള ഒരുപാട്ടിൽ നിന്ന് വിദ്യാർത്ഥികൾക്ക് വളരെവേഗം പോയിന്റുകൾ മനസിലാക്കാവുന്ന രീതിയിലാണ് ഗാനങ്ങളുടെ രചന.

രണ്ടാം വർഷ പാഠഭാഗത്തിലെ പരിപൂർണ മത്സരക്കമ്പോളത്തിന്റെ സവിശേഷതകൾ എന്ന ഒരു പാട്ട് കേട്ടാൽ ഏതുചോദ്യത്തിന്റേയും ഉത്തരം എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് എഴുതാൻ കഴിയും. അഞ്ച് മാർക്ക് ലഭിക്കുന്ന തരത്തിലാണ് ഓരോ പാട്ടും. 'പരിപൂർണ മത്സര കമ്പോളത്തിൻ സവിശേഷത ഞാനേ ചൊല്ലി തരാം, പരിപൂർണ മത്സര കമ്പോളത്തിൽ ധാരാളം വില്പനക്കാരുണ്ടാകും..." എന്നുതുടങ്ങുന്ന പാട്ട് പാണൻമാർ പാടുന്ന ശൈലിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. സ്കൂളിലെ ഹുമാനിറ്റീസ് ബാച്ചിലെ ശ്രീഹരി രാജേഷാണ് ആലാപനം.

സാമ്പത്തിക ശാസ്ത്രപഠനം രസകരമാക്കാൻ വ്യത്യസ്തമായ ശൈലി അവലംബിച്ച് ശ്രദ്ധേയനായ പ്രമോദ് മാല്യങ്കര ഈവർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവാണ്. ഗാനങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി പുതുവത്സരദിനത്തിൽ സൗജന്യമായി വിദ്യാർത്ഥികൾ യൂടൂബിൽ ലഭ്യമാക്കുമെന്ന് പ്രമോദ് മാല്യങ്കര പറഞ്ഞു.