കൊച്ചി: കാക്കിയിട്ടതും അല്ലാത്തതുമായവരുടെ ക്വട്ടേഷനുകൾക്ക് മുന്നിൽ യു.ഡി.എഫ് തലകുനിക്കില്ലെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സീറ്റെണ്ണം കുറയ്ക്കാമെന്ന് എൻ.ഡി.എക്ക് നൽകിയ വാക്ക് പാലിക്കാനാണ് എൽ.ഡി.എഫ് അക്രമം നടത്തുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അടിച്ചമർത്തി ഭരിക്കാമെന്ന് പിണറായി വിജയൻ കരുതേണ്ട. കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ളത് ചോദിച്ചുവാങ്ങുകയാണ് സർക്കാർ ചെയ്യേണ്ടത്. അവഗണനയുണ്ടെങ്കിൽ അതിനെതിരെ ശബ്ദിക്കാൻ സംസ്ഥാന സർക്കാർ യോജിപ്പിന്റെ സാഹചര്യം സൃഷ്ടിക്കുകയോ സർവകക്ഷിയോഗം വിളിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിതന്നെ തോമസ് ചാഴികാടൻ എം.പിയോട് പറഞ്ഞതുപോലെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കലല്ല നവകേരള സദസിന്റെ ലക്ഷ്യം. കേന്ദ്രമെന്ന യജമാനന്റെ കീഴിൽ എൽ.ഡി.എഫ് സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കുന്നില്ലെന്ന കുമ്പസാരമാണ് സദസിൽ നടക്കുന്നത്. എൽ.ഡി.എഫിന്റെ നിസഹായതയാണത്. ഭരിക്കാൻ പറ്റുന്നില്ലെങ്കിൽ രാജിവച്ച് പോകുന്നതാണ് നല്ലതെന്നും സി.പി. ജോൺ പറഞ്ഞു. അഡ്വ. ബി.എസ്. സ്വാതികുമാർ, പി. രാജേഷ് കുമാർ എന്നിവരും പങ്കെടുത്തു.