
മൂവാറ്റുപുഴ: സംസ്കൃത പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന ഡി. ശ്രീമാൻ നമ്പൂതിരിയുടെ സ്മരണാർത്ഥം മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക്. 50001 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 28ന് വൈകിട്ട് 4 ന് മൂവാറ്റുപുഴ കബനി പാലസിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാര സമർപ്പണം നടത്തും. ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ.എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും. 50001 രൂപയുടെ എബനേസർ ഫൗണ്ടേഷൻ എൻഡോവ്മെന്റ് സമർപ്പണം ഡോ. സെബാസ്റ്റ്യൾ പോൾ നിർവഹിക്കും. കെ.എഫ്.ബി . അന്ധവനിത തൊഴിൽ പരിശീലന കേന്ദ്രം പ്രതിനിധികൾ എൻഡോമെന്റ് ഏറ്റുവാങ്ങും.
31 ഓഫീസർമാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: കേരള ജനറൽ സർവ്വീസിലെ 31 ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർമാരുടെ സ്ഥലം മാറ്റം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ധനകാര്യ എസ്റ്റാബ്ളിഷ്മെന്റ് വിഭാഗത്തിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് പ്രാബല്യത്തിൽ വരും.
3 ഡിവൈ.എസ്.പിമാർക്ക്
സ്ഥലംമാറ്റം
തിരുവനന്തപുരം: പൊലീസിലെ മൂന്ന് ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റി. തൃശൂർ റൂറൽ സി ബ്രാഞ്ചിലെ ഷാജി ജോസിനെ കോഴിക്കോട് റൂറൽ ഡി.സി.ആർ.ബിയിലേക്കും പാലക്കാട് ക്രൈംബ്രാഞ്ചിലെ സി.എം. ദേവദാസനെ പാലക്കാട് വിജിലൻസിലേക്കും അവിടെ നിന്ന് എസ്. ഷംസുദ്ദീനെ പാലക്കാട് ക്രൈംബ്രാഞ്ചിലേക്കും മാറ്റി.
റിപ്പർ ജയാനന്ദന്റെ
ആദ്യ പുസ്തകം
പ്രകാശനം ചെയ്തു
കൊച്ചി: ജയിൽവാസത്തിനിടെ റിപ്പർ ജയാനന്ദൻ എഴുതിയ നോവൽ 'പുലരി വിരിയും മുമ്പേ" റിട്ട. ജസ്റ്റിസ് കെ. നാരായണകുറുപ്പ് ജയാനന്ദന്റെ മകളും അഭിഭാഷകയുമായ കീർത്തിയുടെ ഭർതൃപിതാവ് കെ.പി. രാജഗോപാലിന് നൽകി പ്രകാശനം ചെയ്തു. ജയിലിൽ വച്ചുണ്ടായ മന:പരിവർത്തനമാണ് ജയാനന്ദനെ പുസ്തകമെഴുതാൻ പ്രേരിപ്പിച്ചതെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
പ്രക്ഷുബ്ധമായ ജയിൽ ജീവിതകാലത്തിന് മാറ്റം സംഭവിച്ചത് പുസ്തകവായന തുടങ്ങിയതോടെയാണെന്ന് ജയാനന്ദൻ പറഞ്ഞു. രണ്ട് നോവലുകൾ കൂടി എഴുതിയിട്ടുണ്ട്. ഒരെണ്ണത്തിന്റെ പണിപ്പുരയിലാണ്. ജയാനന്ദന്റെ ഭാര്യ ഇന്ദിര, മക്കളായ കീർത്തി ജയാനന്ദൻ, കെ.ജെ. കാശ്മീര, മരുമകൻ കെ.ആർ. അനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അഞ്ചു കൊലക്കേസ് ഉൾപ്പെടെ 23 കേസുകളിൽ പ്രതിയായ ജയാനന്ദന് ചടങ്ങിൽ പങ്കെടുക്കാൻ ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. തൃശൂർ പൊയ്യ സ്വദേശിയായ ജയാനന്ദനെ മൂന്നു കൊലക്കേസുകളിൽ കുറ്റവിമുക്തനാക്കി. രണ്ടുകേസിൽ ശിക്ഷിച്ചു.