
കൊച്ചി: വോട്ട് ചെയ്യുമ്പോൾ ചിഹ്നം മാത്രം നോക്കുന്നവർ പിന്നിലും പേര് നോക്കുന്നവർ മുന്നിലുമാകുന്ന കാലഘട്ടത്തിൽ സംഘടിച്ച് ശക്തരാകാതെ ശ്രീനാരായണീയ സമൂഹത്തിന് നിലനില്പില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് നേതൃത്വത്തിലേക്ക് വീണ്ടും വിജയിച്ച വെള്ളാപ്പള്ളി നടേശനെയും ഡോ.എം.എൻ. സോമനെയും ആദരിക്കാൻ കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീകരിച്ച കുമാരനാശാൻ സ്മാരക ഹാളിന്റെ സമർപ്പണവും നിർവഹിച്ചു.
മറ്റുള്ളവരെ ജയിപ്പിക്കാനായി മാത്രം ജനിച്ചവരല്ല ഈഴവർ. അധികാരം അധഃസ്ഥിതരിലേക്ക് എത്താതെ സാമൂഹികനീതി ഉറപ്പാക്കാനാവില്ല. സംഘടിതശക്തികൾ സമ്പത്ത് കൈക്കലാക്കുന്നു. സംവരണം അട്ടിമറിക്കപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ അനുവദിക്കുമ്പോൾ ഏറ്റവും അവഗണിക്കപ്പെടുന്നത് ഈഴവ സമുദായമാണ്. വീടില്ലാത്തവരും തൊഴിൽ രഹിതരും പണമില്ലാത്തവരും ഏറ്റവും കൂടുതൽ ഈഴവരാണ്. സംഘടിച്ചു ശക്തരാകാൻ ഉദ്‌ബോധിപ്പിച്ച ഗുരുദേവനിൽ നിന്ന് അകന്നുപോയതാണ് ഈ ഗതികേടിനു കാരണം.
വർഗീയശക്തികളോട് വിട്ടുവീഴ്ചയില്ലെന്നു പറഞ്ഞുനടന്ന പ്രമുഖ കക്ഷികൾ അധികാരമുറപ്പിക്കാൻ ആദർശം കുഴിച്ചുമൂടുന്ന രാഷ്ട്രീയമാണ് ഇപ്പോൾ. മതനിരപേക്ഷത പ്രസംഗിക്കുന്ന ചില കക്ഷികളുടെ പേരിലും പ്രവൃത്തിയിലുമെല്ലാം വർഗീയതയാണ്. ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ ഈഴവർ രാഷ്ട്രീയമായും സാമ്പത്തികമായുമെല്ലാം അടിച്ചമർത്തപ്പെടും.
സമുദായത്തിനകത്ത് അട്ടിമറി നടത്താൻ ശ്രമിക്കുന്നവർക്ക് ജനങ്ങളുടെ കോടതിയിൽ വരാൻ ധൈര്യമുണ്ടോ? സമുദായത്തിന്റെ സർവനാശത്തിനായി കൂട്ടത്തിൽ നിന്നു ചവിട്ടുന്നവരെയും തിരിച്ചറിയണം. ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള കർമ്മപദ്ധതികളാണ് വേണ്ടതെന്ന് 21ാം വയസിൽ സാമൂഹിക പ്രവർത്തനം തുടങ്ങിയ തനിക്ക് ബോദ്ധ്യമുണ്ട്. സാധാരണക്കാരുടെ കഷ്ടപ്പാടുകൾ നേരിൽ ബോദ്ധ്യപ്പെടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും അതിന്റെ പേരിൽ ആക്രമണത്തിനിരയാവുകയും ചെയ്ത തന്നെ ആരും സാമൂഹിക സേവനം പഠിപ്പിക്കേണ്ടെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു.
കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.