മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ പ്രോസസിംഗ് കമ്പനി അടച്ചുപൂട്ടലിന്റെ വക്കിൽ. സാമ്പത്തികപ്രതിസന്ധിയിലായ കമ്പനിക്ക് സർക്കാർ സഹായമില്ലാതെ മന്നോട്ടുപോകാനാകില്ലെന്നാണു മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. കെ.എസ്.ഇ.ബിക്ക് കുടിശിക വരുത്തിയതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ട കമ്പനി ഇരുട്ടിലുമായി.
14.49 ലക്ഷംരൂപയാണ് കമ്പനി വൈദ്യുതി കുടിശികയായി കെ.എസ്.ഇ.ബിക്ക് നൽകാനുള്ളത്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ നാല് ലക്ഷം രൂപ വായ്പയെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന അടിയന്തര ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. നാല് ലക്ഷം രൂപ അടച്ചാൽ വൈദ്യുതിബന്ധം താത്കാലികമായി പുനഃസ്ഥാപിക്കാമെന്ന് കെ.എസ്. ഇ.ബി വ്യക്തമാക്കിയിരുന്നു.
കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നാണു ധന വകുപ്പ് അറിയിച്ചിരിക്കുന്നത്. കമ്പനിക്ക് പ്രവർത്തനമൂലധനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയിരുന്നങ്കിലും തീരുമാനമുണ്ടായില്ല. സംസ്ഥാന സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങും. തത്കാലം വായ്പയെടുത്ത് കമ്പനിയെ മുന്നോട്ടുകൊണ്ടുപോകാനും തുടർന്ന് സർക്കാർ സഹായം നേടിയെടുക്കാനുമാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഇതു വിജയിച്ചാൽ കമ്പനി നിലനിൽക്കുമെന്ന് മാനേജ്മെന്റ് കണക്കുകൂട്ടുന്നു.