കൊച്ചി: എസ്.എൻ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും അമരത്ത് 27 വർഷം പിന്നിട്ട വെള്ളാപ്പള്ളി നടേശനും, വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡോ. എം.എൻ. സോമനും യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ആവേശകരമായ വരവേല്പ് നല്കി. ദ്വൈതാ അദ്വൈതീയം എന്ന പേരിൽ നടത്തിയ പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. യോഗം നേതാക്കളെ തലപ്പാവണിയിച്ചാണ് ആദരിച്ചത്. വിവിധ ശാഖകളുടെയും യോഗത്തിന്റെ കീഴിലുള്ള മറ്റു പ്രസ്ഥാനങ്ങളുടെയും ഭാരവാഹികൾ ആദരമർപ്പിച്ചു.
രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും അവഗണനയനുഭവിക്കുന്ന വിഭാഗമായി തുടരുന്ന ഈഴവരോട് രാഷ്ട്രീയപ്പാർട്ടികൾ കാട്ടുന്ന കപടസ്‌നേഹം എസ്.എൻ.ഡി.പി യോഗം തിരിച്ചറിയുന്നുണ്ടെന്ന് വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. അകത്തും പുറത്തും സംഘടന വെല്ലുവിളികൾ നേരിടുമ്പോൾ സ്വന്തം കരുത്ത് സമുദായ അംഗങ്ങൾ തിരിച്ചറിയണം. വോട്ടുകളുടെ എണ്ണത്തിൽ മുന്നിലാണെങ്കിലും അർഹമായതെല്ലാം നിഷേധിക്കപ്പെടുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചുശക്തരാകാനും ഉദ്‌ബോധിപ്പിച്ച ഗുരുദേവ വചനങ്ങൾക്ക് പ്രസക്തിയേറുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ, എൽ. സന്തോഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് വേണുഗോപാൽ, വനിതാസംഘം യൂണിയൻ കൺവീനർ വിദ്യ സുധീഷ്, സൈബർസേന കൺവീനർ റജി വേണുഗോപാൽ, കുമാരിസംഘം കൺവീനർ ദേവിക രാജേഷ്, യൂണിയൻ എംപ്ലോയീസ് ഫോറം കൺവീനർ അജയ് രാജ്, പെൻഷനേഴ്‌സ് കൗൺസിൽ സെക്രട്ടറി ഉമേശ്വരൻ, വൈദികയോഗം യൂണിയൻ പ്രസിഡന്റ് ശ്രീകുമാർ ശാന്തി എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് സ്വാഗതവും വൈസ് ചെയർമാൻ സി.വി. വിജയൻ നന്ദിയും പറഞ്ഞു.