കൊച്ചി: കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിജയത്തിന്റെ സുവർണജൂബിലി വിപുലമായി ആഘോഷിക്കും. ചരിത്രവിജയം കൊച്ചി നഗരസഭയുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ.
1973 ഡിസംബർ 27നാണ് ചരിത്രവിജയത്തിന് മഹാരാജാസ് കോളേജ് ഗ്രൗണ്ട് സാക്ഷിയായത്. കേരളത്തിലെ കായികരംഗത്തെ ഒന്നടങ്കം അഭിമാനപൂരിതമാക്കിയ വിജയത്തിന്റെ ഭാഗമായി ഭാഗമായി നൂറുകണക്കിന് സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച കൊച്ചി മേയേഴ്‌സ് കപ്പ് ടൂർണമെന്റ വിജയകരമായി കോർപ്പറേഷൻ സംഘടിപ്പിച്ചിരുന്നു.
ചരിത്രവിജയ ദിനമായ 27ന് വൈകിട്ട് നാലിന് വർണശബളമായ സോക്കർ കാർണിവൽ നടക്കും. വൈകിട്ട് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഘോഷയാത്ര ഡി.എച്ച് ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് 1973 ലെ സന്തോഷ് ട്രോഫി താരങ്ങളെ ആദരിക്കും.
സുവർണ ജുബിലിയോടനുബന്ധിച്ച് കൊച്ചി മേയേഴ്‌സ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്‌ബാൾ ടൂർണമെന്റിൽ പങ്കെടുത്ത് വിജയിച്ച സ്‌കൂൾ കോളേജ് ടീമുകൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും നൽകും.
കൊച്ചി നഗരസഭ നൽകുന്ന 1000 ഫുട്‌ബാൾ വിതരണത്തിന്റെ ഉദ്ഘാടനവും വേദിയിൽ നടക്കും. 26 മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആദ്യവിജയം നേടിയ 1973 ലെ സന്തോഷ് ട്രോഫി താരങ്ങൾ കൊച്ചിയിലെത്തിച്ചേരും.
ഡിസംബർ 27ന് ഉച്ചയ്ക്ക് രണ്ടിന് താരങ്ങളും പുതുതലമുറ ഫുട്‌ബാൾ കളിക്കാരും തമ്മിലുള്ള മുഖാമുഖം പരിപാടി നഗരസഭാ കൗൺസിൽ ഹാളിൽ നടക്കുമെന്ന് മേയർ അഡ്വ.എം. അനിൽകുമാർ വാർത്താസമ്മേളത്തിൽ പറഞ്ഞു.