
മരട് : ഇരുപതു വർഷങ്ങൾക്ക് മുൻപ് ജോലി തേടി ഒറീസയിൽ നിന്ന് കേരളത്തിലേക്കെത്തിയ അഭിജിത്ത് മണ്ഡലിനും കുടുംബവത്തിനും ഇനി മരട് നഗരസഭയിൽ മേൽവിലാസം.
സ്വന്തമായി വാങ്ങിയ ഭൂമിയിൽ നഗരസഭാ പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള ഭവനം അനുവദിച്ചു. സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചതിന്റെ സന്തോഷത്തിലാണിവർ. ഭാര്യ കനകയും രണ്ട് ആൺ മക്കളും അടങ്ങുന്നതാണ് അഭിജിത്തിന്റെ കുടുംബം . മൂത്ത മകൻ മാങ്കായിൽ സ്കൂളിൽ നിന്ന് പ്ലസ്ടു വിദ്യാഭ്യാസം പൂർത്തീകരിച്ചു. ഇളയ മകൻ ചമ്പക്കരയിലുള്ള സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. പി.എം.എ.വൈ ഭവന പദ്ധതി പ്രകാരം വീട് ലഭ്യമാക്കുവാൻ ഡിവിഷൻ കൗൺസിലർ രേണുക ശിവദാസ് മുൻകൈ എടുത്തു. ഈ കുടുംബത്തെ മരട് നഗരസഭയിൽ സ്ഥിര താമസക്കാരായതിൽ ഏറെ സന്തോഷമുണ്ടെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ പറഞ്ഞു.