chest

കൊച്ചി: പലതരത്തിലുള്ള നെഞ്ചുരോഗങ്ങളെ കൃത്യതയോടെ നിർണയിക്കാൻ സാധിക്കുന്ന യന്ത്രസംവിധാനം കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ സ്ഥാപിച്ചു. നെഞ്ചുരോഗ വിഭാഗത്തിലാണ് ഇബസ് മെഷീൻ സൗകര്യം.

എൻഡോ ബ്രോങ്കയിൽ അൾട്രാസൗണ്ട് ഗൈഡഡ് ട്രാൻസ് ബ്രോങ്കയിൽ നീഡിൽ അസ്പിരേഷൻ ആൻഡ് ബയോപ്‌സി എന്ന മെഷീനാണ് സ്ഥാപിച്ചത്. ശ്വാസക്കുഴലുകൾക്ക് ഉള്ളിലുള്ള മുഴകൾ സാധാരണ എൻഡോസ്‌കോപ്പ് മുഖേന പരിശോധിക്കാൻ കഴിയും. ശ്വാസക്കുഴലുകൾക്ക് പുറമെ സ്ഥിതിചെയ്യുന്ന ക്യാൻസർ മുഴകൾ, ലസിതാ ഗ്രന്ഥികൾ എന്നിവ കണ്ടെത്തുന്നതിന് മെഷീനിലുള്ള എൻഡോസ്‌കോപ്പിന്റെ അഗ്രഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന അൾട്രാ സൗണ്ട് പ്രൊസസർ ഉപയോഗിച്ച് കണ്ടെത്തുന്നതിനും പ്രത്യേക സൂചി ഉപയോഗിച്ച് കുത്തിയെടുത്ത് പരിശോധിച്ചു രോഗം നിർണയിക്കുന്നതിനും കഴിയും.

നെഞ്ചിനകത്തെ കാരിനക്ക് സമീപമുള്ള മെഡിയസ്റ്റൈനൽ നോഡുകൾ തിരഞ്ഞെടുക്കുന്നതിനും ശ്വാസകോശ ക്യാൻസർ നിർണയിക്കുന്നതിനും സ്റ്റേജിംഗ് നടത്തുന്നതിനും കഴിയും. ടി. ബി, സർക്കോയ്ഡസിസ് രോഗങ്ങൾ എന്നിവ നിർണയിക്കുന്നതിനും കഴിയുമെന്നതും മെഷീന്റെ പ്രത്യേകതയാണ്.

സ്വകാര്യ ആശുപത്രികളിൽ 30000 രൂപയോളം ആവശ്യമുള്ള അതിനൂതന സാങ്കേതിക പരിശോധനയാണ് മെഡിക്കൽ കോളേജ് സാധാരണ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്. പ്ലാൻ ഫണ്ടിൽ നിന്ന് 1.9 കോടി രൂപ ചെലവിട്ടാണ് മെഷീൻ സ്ഥാപിച്ചത്.