കൊച്ചി: ദേശീയ സരസ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന 'കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട്' വിശേഷങ്ങൾ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്താൻ 'മീഡിയ അറ്റ് ഇന്ത്യ ഫുഡ് കോർട്ട്' പരിപാടി സംഘടിപ്പിച്ചു.
സരസ് മേളയുടെ പ്രധാന ആകർഷണമാണ് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ട്. 25 നു മുകളിൽ ബിരിയാണികളും 150ൽ പരം ജ്യൂസുകളും ഇരുന്നൂറോളം മധുര വിഭവങ്ങളും അന്യംനിന്നു പോകുന്ന മറ്റനേകം ഭക്ഷണങ്ങളും മേളയിലുണ്ട്. 600ൽ പരം ആളുകൾക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ് ഏരിയയാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഏകദേശം 200 വനിതകളാണ് അടുക്കള നിയന്ത്രിക്കുന്നത്. ക്ലീനിംഗിനും മറ്റുമായി 60 പേർ വേറെയുമുണ്ട്. ഇതിനോടകം തന്നെ കൊച്ചി ഭക്ഷ്യമേളയെ ഏറ്റെടുത്തു കഴിഞ്ഞു. സ്ത്രീകളും കുട്ടികളും യുവാക്കളും അടക്കം നിരവധി പേരാണ് ഇന്ത്യൻ രുചി വൈവിധ്യങ്ങൾ അടുത്തറിയാൻ മേളയിലേക്ക് ഒഴുകിയെത്തുന്നത്. പരിപാടിയിൽ വിവിധ സ്റ്റാളുകളിൽ നിന്നുള്ള പ്രതിനിധികൾ മാദ്ധ്യമപ്രവർത്തകരുമായി സംവദിച്ചു. അട്ടപ്പാടിയിൽ നിന്നുള്ള ജോമോൾ, ട്രാൻസ്‌ജെൻഡർ അമൃത, സിക്കീമിൽ നിന്നുള്ള സബിത, മഹാരാഷ്ട്രയിൽ നിന്നുള്ള മീനു, അരുണാചൽ പ്രദേശിൽ നിന്നുള്ള ടെസ്രി യാംഗ്ചിൻ, കാസർകോട് നിന്നുള്ള സരസ്വതി എന്നിവരാണ് തങ്ങളുടെ സ്റ്റാളുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. പരിപാടിയുടെ ഭാഗമായി വിവിധ രുചി വൈവിദ്ധ്യങ്ങൾ ഉൾപ്പെടുത്തി സ്‌നേഹവിരുന്നും ഒരുക്കി.
പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി.എം. റജീന, ഭക്ഷ്യ മേഖലയിൽ കുടുംബശ്രീയുടെ പരിശീലന ഏജൻസിയായ ഐഫ്രമ്മിന്റെ സി.ഇ.ഒ അജയ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
താരമാണ്
പഞ്ചനക്ഷത്ര
പായസം
ഫുഡ്കോർട്ടിലെ താരമാണ് പഞ്ചനക്ഷത്ര പായസം. എറണാകുളം എടത്തലയിൽനിന്നുള്ള കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലുളള ഫ്രണ്ട്‌സ് എന്ന സംരഭക സ്റ്റാളിലാണ് പഞ്ചനക്ഷത്ര പായസമുള്ളത്. സി.എസ്. ബിന്ദുവാണ് അഞ്ചു പച്ചക്കറികളും അഞ്ചുതരം പഴങ്ങളും ചേർത്തുള്ള പായസം തയ്യാറാക്കുന്നത്. പുതിയകൂട്ട് കണ്ടെത്താൻ പ്രചോദനമായത് കുടുംബശ്രീയുടെ എ.ഐ.എഫ്.ആർ.എച്ച്.എമ്മിലെ പരിശീലനമാണ്. വിവിധതരം പായസങ്ങൾ ബിന്ദുവിന് നേരത്തേ തയ്യാറാക്കി നൽകിയിരുന്നു. പരിശീലന സമയത്താണ് ഒന്നിലധികം വിഭവങ്ങൾ ചേർത്തുള്ള പായസം തയ്യാറാക്കി നോക്കുന്നത്. ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, പപ്പായ, പഴം തുടങ്ങിയവയും കാരറ്റ്, ബീറ്റ്‌റൂട്ട്, ചേന തുടങ്ങിയ പച്ചക്കറികളും ചേർത്താണ് പഞ്ചനക്ഷത്ര പായസം തയാറാക്കുന്നത്. അമ്പതുരൂപയാണ് ഒരു ഗ്ലാസ് പായസത്തിന് വില. ഒപ്പം പരിപ്പ്, പാലട, കരിക്ക് പായസങ്ങളും സ്റ്റാളിലുണ്ട്.