കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാനത്തർക്കം പരിഹരിക്കാൻ മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ നടത്തിയ ചർച്ചകളിൽ ധാരണയായില്ലെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂർ അറിയിച്ചു. അതേസമയം, ധാരണയിലെത്തിയെങ്കിലും ചിലർ അട്ടിമറിക്കുകയായിരുന്നെന്ന് വൈദികർ ആരോപിച്ചു.

സിനഡ് തീരുമാനപ്രകാരമുള്ള കുർബാന അർപ്പിക്കാൻ തയ്യാറാകണമെന്ന് ഇന്ന് (ഞായർ) പള്ളികളിൽ വായിക്കാൻ നൽകിയ സർക്കുലറിലാണ് ഏകീകൃത കുർബാന സമാധാനപരമായി നടത്താൻ സിറിൽ വാസിലിനൊപ്പം വൈദികരും മറ്റുമായി ചർച്ച നടത്തിയെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞില്ലെന്ന് പുത്തൂർ പറഞ്ഞത്.

സിറിൽ വാസിൽ മുൻകൈയെടുത്ത് ബോസ്‌കോ പുത്തൂരും വൈദികരുടെ പ്രതിനിധികളുടെ ആഡ് ഹോക്ക് കമ്മിറ്റിയുമായി എത്തിച്ചേർന്ന ധാരണ അട്ടിമറിക്കപ്പെട്ടെന്ന് വൈദിക സമിതി ആരോപിച്ചു. ജനാഭിമുഖ കുർബാനയേ അർപ്പിക്കൂവെന്നും വൈദികയോഗം തീരുമാനിച്ചു.

ഏകീകരിച്ച കുർബാന അർപ്പണരീതിക്ക് അതിരൂപതയിൽ അനുകൂല സാഹചര്യം ഉണ്ടാകുന്നതുവരെ ജനാഭിമുഖ കുർബാന തുടരാനാണ് സിറിൽ വാസിൽ മുൻകൈയെടുത്ത് തയ്യാറാക്കിയ ധാരണയിൽ പറഞ്ഞുറപ്പിച്ചത്. സിറിൽ വാസിൽ ധാരണയിൽ ഒപ്പുവയ്ക്കാതിരുന്നത് സിനഡിന്റെ ഇടപെടൽ മൂലമാണെന്ന് അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.