പറവൂർ: അഹങ്കാരത്തിന്റെ പാരമ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഭരണഘടന കുന്തവും കുടചക്രവുമാണെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാൻ വായപോയ കോടാലിയാണെന്നും സതീശൻ വിമർശിച്ചു.

എൽ.ഡി.എഫ് സർക്കാരിന്റെ നവകേരള സദസിനെതിരെ യു.ഡി.എഫ് പറവൂരിൽ നടത്തിയ വിചാരണസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിണറായി വിജയൻ മഹാരാജാവായി ചമയുകയാണെന്ന് പറയണമെന്നുണ്ട് സജി ചെറിയാന്. അതിനു ധൈര്യമില്ലാത്തതിനാലാണ് സതീശൻ പറവൂരിലെ രാജാവാണെന്ന് സജി ചെറിയാൻ പറഞ്ഞത്. സതീശൻ ജില്ലയ്ക്ക് അപമാനമാണെന്ന് പറഞ്ഞ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വകുപ്പ് കുട്ടിച്ചോറാക്കിയിരിക്കുകയാണ്. മന്ത്രിക്കെതിരെ സുപ്രീംകോടതി വിധിയുണ്ടായിട്ടും അവർ വകുപ്പിൽ അള്ളിപ്പിടിച്ചു കിടക്കുകയാണ്. അടിമക്കൂട്ടങ്ങളാണ് മുഖ്യമന്ത്രിക്ക് ഒപ്പമുള്ളത്- സതീശൻ പറഞ്ഞു.

അഹങ്കാരത്തിന്റെ പാരമ്യത്തിലാണ് മുഖ്യമന്ത്രി. അഞ്ചുമാസം മുമ്പ് താലൂക്കുകളിലെത്തി മന്ത്രിമാർ വാങ്ങിച്ച പരാതി ചാക്കിൽകെട്ടിവച്ചിരിക്കുകയാണ്. സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി. കെ.എസ്.ആർ.ടി.സി പൂട്ടാൻ പോകുന്നു. ക്രിസ്‌മസിന് മാവേലി സ്‌റ്റോറുകളിൽ സബ്‌സിഡി സാധനങ്ങളില്ല. പട്ടികജാതി ആനുകൂല്യം കൊടുത്തിട്ട് മൂന്നുവർഷമായി. ഒമ്പത് ലക്ഷംപേർ ലൈഫിൽ പദ്ധതിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. കുട്ടികൾക്ക് ഉച്ചയൂണിന് പണം കൊടക്കാനില്ല. എന്നിട്ടാണ് ആർഭാടസദസുമായി കേരളത്തെ നോക്കി കൊഞ്ഞനംകുത്തി കടന്നുപോയത്. സംസ്ഥാനം പരിതാപകരമായ അവസ്ഥയിലായിട്ടും അഴിമതിക്ക് കുറവില്ലെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് എൽ.ഡി.എഫ് സർക്കാരിനെതിരായ കുറ്റപത്രം വായിച്ചു. ആർ.എസ്‌.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, കെ.പി. ധനപാലൻ, രമ്യ ഹരിദാസ് എം.പി, മുഹമ്മദ് ഷിയാസ്, ഡൊമിനിക് പ്രസന്റേഷൻ, ബീന ശശിധരൻ, എം.എസ്. റെജി, കെ. ശിവശങ്കരൻ, കെ.എ. അഗസ്‌റ്റിൻ, എം.ടി. ജയൻ, എം.ജെ. രാജു, രമേഷ് ഡി. കുറുപ്പ്, കെ.കെ. അബ്‌ദുള്ള തുടങ്ങിയവർ സംസാരിച്ചു.