
കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിന്നും ബംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്നും വൈകിട്ട് 6:45 ന് പുറപ്പെടുന്ന വിമാനം 7.45 ന് കോഴിക്കോട്ടെത്തും.കോഴിക്കോട് നിന്ന് രാത്രി 8.15ന് പുറപ്പെട്ട് 9.15ന് ബംഗളൂരുവിലെത്തും.
പുതിയ സർവീസ് തുടങ്ങുന്നതോടു കൂടി കോഴിക്കോട് നിന്നും മുംബെയ്, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ഗോവ, ജയ്പൂർ, പുണെ, വാരാണസി തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺസ്റ്റോപ്പ് ഫ്ളൈറ്റുകൾ ലഭ്യമാകും.
എയർലൈനിന്റെ മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും പുതിയ സർവീസിന്റെ ബുക്കിംഗുകൾ ആരംഭിച്ചു.
എയർ ഇന്ത്യ എക്സ്പ്രസിന്റെ വിപുലമായ ശൃംഖലയിലെ പ്രധാന കേന്ദ്രങ്ങളാണ് കോഴിക്കോടും ബംഗളൂരുവുമെന്ന് കമ്പനിയുടെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു.