ഫോർട്ട്കൊച്ചി: വെളി മൈതാനം ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങി. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് 251 പേരുടെ സാന്റാ റാലി നടന്നു. ഫോർട്ട്കൊച്ചി വെളി മൈതാനത്തെ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം കെ.ജെ മാക്സി എം.എൽ.എ നിർവഹിച്ചു. വെളി മൈതാനിയിൽ സ്ഥാപിച്ചിട്ടുള്ള അമ്പതടി ഉയരമുള്ള കൂറ്റൻ പപ്പാഞ്ഞിയുടെ പ്രദർശനോദ്ഘാടനം മേയർ എം.അനിൽകുമാർ നിർവഹിക്കും. യുവാക്കളെ ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 26 മുതൽ 28 വരെ ഇന്റർ കോളേജ് ഫുട്ബാൾ ടൂർണമെന്റും ഇന്റർ സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിന്റെ ഫുട്ബാൾ ടൂർണമെന്റും നടക്കും.

28 ന് വൈകിട്ട് ജനപ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ എന്നിവരുടെ സൗഹൃദ ഫുട്ബാൾ മത്സരവും ഇന്റർ കോളേജ് ഫൈനൽ മത്സരവും നടക്കും. 29 ന് കുടുംബശ്രീ അംഗങ്ങളുടെ കലാകായിക മത്സരങ്ങൾ നടക്കും. 31 ന് വൈകിട്ട് സ്ത്രീകളുടെ കളരിപ്പയറ്റ് നടക്കും.ആറ് സെൽഫി പോയിന്റുകൾ വെളി മൈതാനിയിൽ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷക്കായി ഒന്നര ലക്ഷം ചെലവഴിച്ച് നാൽപത് ക്യാമറകളും മൈതാനത്ത് സ്ഥാപിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികളായ വി.ജെ ആൻസി, എൻ.ജെ അലോഷി, എസ്.സന്തോഷ് കുമാർ, മഞ്ജുള അനിൽകുമാർ, ജോൺസൻ ക്ളീറ്റസ്, കെ.ജെ തോമസ്, വിമൽകുമാർ എന്നിവർ പറഞ്ഞു.