pic

കൊച്ചി: ഒരു ബൊഗൈൻവില്ല ചെടിയിൽ നിന്ന് ആറുനിറത്തിലുള്ള പൂക്കൾ. അതും കാഴ്ചക്കാരെ ആകർഷിക്കുന്ന നിറങ്ങളിൽ. മറൈൻ ഡ്രൈവിൽ നടക്കുന്ന കൊച്ചി ഫ്ലവർഷോയിലാണ് വിസ്മയ കാഴ്ചകൾ. ചേർത്തല കഞ്ഞിക്കുഴി പൊന്നുട്ടുശേരിയിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥനായ എസ്. സിജിയുടെ ആശയത്തിൽ നിന്നുണ്ടായ കാഴ്ചകളാണ് ഫ്ലവർഷോ കാണാനെത്തുന്നവരെ ആകർഷിക്കുന്നത്.

ഫയർ ഒപ്പൽ, റൂബി റെഡ്, ഫ്ലെയിം റെഡ്, സൺറൈസ് വൈറ്റ് എന്നിങ്ങനെ വിവിധതരം ബൊഗൈൻവില്ലകളാണ് സിജി വളർത്തുന്നത്. 18 ബൊഗൈൻവില്ല ചെടികളാണ് ഫ്ലവർഷോയിൽ എത്തിച്ചിട്ടുണ്ട്. ഗ്രാഫ്റ്റ് ചെയ്താണ് സിജി ചെടികൾ വളർത്തുന്നത്.

ഒരു തണ്ട് വേര് പിടിച്ച് ലഭിക്കാനാണ് ബുദ്ധിമുട്ടെന്ന് സിജി പറയുന്നു. പത്ത് കമ്പുകൾ നട്ടാൽ അതിൽ മൂന്നെണ്ണം വരയെ വേര് പിടിച്ചുകിട്ടൂ. ഇവ വളർന്ന് പൂവണിയാൻ നാലു വർഷമെങ്കിലും എടുക്കും. നല്ലയിനം ചെടികളും വൈവിദ്ധ്യമാർന്ന നിറത്തിലുമുള്ള ബൊഗൈൻവില്ല ചെടി വാങ്ങണമെങ്കിൽ 5,000 രൂപയെങ്കിലും വേണ്ടിവരുമെന്ന് സിജി പറയുന്നു. ശ്യാമയാണ് സിജിയുടെ ഭാര്യ. മക്കൾ: തീർത്ഥ, അർത്ഥന.

കൊവിഡ് കാലത്ത് ആരംഭം

കൊവിഡ് കാലത്താണ് സിജി ഗ്രാഫ്റ്റിംഗ് ആരംഭിച്ചത്. വീട്ടിൽ നൂറോളം ചെടികളുണ്ട്. ആദ്യം വില്പന പ്രതീക്ഷിച്ചല്ല തുടങ്ങിയത്. പിന്നീട് വരുമാനമായി മാറി. ഡിസംബർ, മേയ് മാസങ്ങളിലാണ് ബൊഗൈൻവില്ല പൂവിടുന്നത്. കീടശല്യങ്ങൾ ഒന്നുമില്ലാത്തതിനാൽ വളർത്താൻ എളുപ്പമാണ്. മഴ മറയുണ്ടെങ്കിൽ എല്ലാ സമയവും പൂക്കൾ ലഭിക്കും. വളവും വെള്ളവും ക്രമീകരിച്ച് നൽകിയാൽ ചെടികളെ എക്കാലവും സംരക്ഷിക്കാൻ സാധിക്കും. പൂവിടുന്ന സമയത്ത് ചാണകം നൽകണ്ട ആവശ്യമില്ല. എല്ലുപൊടി, കപ്പലണ്ടിപിണ്ണാക്ക്, എൻ.പി.കെ, പൊട്ടാഷ് എന്നിവയാണ് നൽകുന്നത്. 15 ദിവസം കൂടുമ്പോൾ വളം നൽകണം, ചെടിച്ചട്ടിയിലെ മണ്ണ് ഉണങ്ങുന്നത് കണ്ടാൽ വെള്ളം നൽകാം. ഒരുദിവസം അരലിറ്റർ വെള്ളം നൽകിയാൽ മതിയാകും.

ചൊരിമണലിൽ കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ നട്ട് വലിയ വിളവ് ലഭിച്ചിരുന്നു. അതിന് ശേഷമാണ് ബൊഗൈൻവില്ല വളർത്താൻ ആരംഭിച്ചത്. ഇതിപ്പോൾ എന്റെ പാഷനാണ്.

എസ്. സിജി