
വൈപ്പിൻ: ചെറായിലെ മക്കളില്ലാതെ തനിച്ചു താമസിക്കുന്ന മാതാപിതാക്കൾക്കും കിടപ്പുരോഗികൾക്കും ക്രിസ്‌മസ് കേക്ക് എത്തിച്ചുനൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ. 30 കുടുംബങ്ങളിൽ വീട്ടുകാർ ഉണരും മുമ്പേ വീടുകളുടെ മുന്നിൽ കേക്ക് കൊണ്ടു വച്ചുമടങ്ങുന്ന പതിവ് ഇന്നലെയും പാലിച്ചു. എഴുന്നേറ്റ് വരുമ്പോൾ കേക്ക് ലഭിക്കുന്നവരുടെ മുഖത്തെ പുഞ്ചിരിയും സന്തോഷവുമാണ് തന്റെ സംതൃപ്തിയെന്ന നോബൽ പറയുന്നു. ചെറിയ സഹായം മറ്റുളളവർക്കു കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. തുടർച്ചയായ മൂന്നാം വർഷമാണ് ഇങ്ങനെ ചെയ്യുന്നത്. വിഷുവിനും ഓണത്തിനുമെല്ലാം സാധാരണക്കാരുടെ വീടുകളിൽ സഹായവുമായി നോബൽ എത്താറുണ്ട്.