
കൊച്ചി: കൊച്ചിയുടെ സ്വന്തം രുചിയായ മൽഹാറിന്റെ രുചി അറിഞ്ഞ് നടി ആശ ശരത്. കൊച്ചിയുടെ സ്പെഷ്യൽ ബ്രാൻഡായ മൽഹാർ ഇന്നലെയാണ് കൊച്ചിയിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ അവതരിപ്പിക്കുന്നത്.
ഓരോ സരസ് മേളയിലും ഒരു പ്രത്യേക ഭക്ഷണവിഭവം ബ്രാൻഡ് ചെയ്ത് പുറത്തെടുക്കാറുണ്ട്. അതിന്റെ ഭാഗമായാണ് കൊച്ചിയുടെ ഒരു സ്പെഷ്യൽ ഭക്ഷണം ബ്രാൻഡായി കൊച്ചി മൽഹാർ വേദിയിൽ ആശ ശരത് അവതരിപ്പിച്ചത്.
കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിന്റെ അടുക്കളയിലാണ് കൊച്ചി മൽഹാർ പിറന്നത്. കാന്താരി, പച്ച മുളക്, പച്ചമാങ്ങ, കുടംപുളി, കറിവേപ്പില, ചെറിയ ഉള്ളി, ഉലുവാപ്പൊടി, തേങ്ങാപ്പാൽ, ടൈഗർ ചെമ്മീൻ, കരിമീൻ, വെളുത്ത മാംസമുള്ള മീനുകൾ എന്നിവ ഉപയോഗിച്ചാണ് കൊച്ചി മൽഹാർ ഉണ്ടാക്കുന്നത്.
വളരെ എളുപ്പത്തിൽ എണ്ണ ഉപയോഗിക്കാതെ ഉണ്ടാക്കുന്നതുകൊണ്ട് കുട്ടികൾക്കും മുതിർന്നവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കുമെന്ന് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോർട്ടിന്റെ സി.ഒ. അജയ് കുമാർ പറഞ്ഞു.
അടുത്ത ദിവസം മുതൽ സരസ് മേളയിൽ കൊച്ചിയുടെ സ്പെഷ്യൽ രുചിയായ കൊച്ചി മൽഹാർ രുചിച്ചു തുടങ്ങാം. നിർഭയ യൂണിറ്റാണ് പുതിയ വിഭവം സരസിലേയ്ക്ക് എത്തിക്കുന്നത്.
503 കുടുംബശ്രീ പ്രവർത്തകർ
അരങ്ങിലെത്തിയ മെഗാ ചവിട്ടുനാടകം
കൊച്ചി: കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം പ്രമേയമാക്കിയ മെഗാ ചവിട്ടുനാടകം അവതരിപ്പിച്ച് വേൾഡ് ടാലന്റ് റെക്കാഡ് സ്വന്തമാക്കി ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയുടെ ഭാഗമായാണ് മെഗാ ചവിട്ടുനാടകം സംഘടിപ്പിച്ചത്.
എറണാകുളം ഡർബാർ ഗ്രൗണ്ടിൽ ചുവടി 2023 എന്ന പേരിലായിരുന്നു പരിപാടി. സംസ്ഥാന മിഷൻ ആവിഷ്കരിച്ച് ജില്ലാ മിഷന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ചവിട്ടുനാടകത്തിൽ ജില്ലയിലെ 14 ബ്ലോക്കുകളിൽ നിന്നു തിരഞ്ഞെടുത്ത 503 കുടുംബശ്രീ അംഗങ്ങളാണ് കലാപ്രകടനം കാഴ്ചവച്ചത്. ഓൾ ഗിന്നസ് വേൾഡ് റെക്കാഡ്സ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ, ടി.ആർ.ബി അധികൃതരായ ഡോ. വിന്നർ ഷെരീഫ്, രക്ഷിതാ ജെയിൻ എന്നിവർ വിധികർത്താക്കളായി. ചവിട്ടുനാടക കലാകാരൻ രാജു നടരാജന്റെ നേതൃത്വത്തിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷമായിരുന്നു അവതരണം.
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ടി.എം. റെജീന, പ്രോഗ്രാം ഓഫീസർ രതീഷ് പീലിക്കോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.