പറവൂർ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ തിരുനാളിന് നാളെ കൊടിയേറും. ഒമ്പത് ദിവസത്തെ തിരുനാൾ ആഘോഷം ജനുവരി മൂന്നിന് സമാപിക്കും.

നാളെ വൈകിട്ട് അഞ്ചിന് വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ കൊടിയേറ്റും. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി, വചനസന്ദേശം. തുടർന്ന് ചാവറ ഭവനപദ്ധതിയിലെ രണ്ടാമത് വീടിന്റെ താക്കോൽദാനം നടക്കും. 29ന് രാവിലെ ഒമ്പതരയ്ക്ക് ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നേർച്ചസദ്യ. 30ന് വൈകിട്ട് അഞ്ചിന് നിയുക്ത കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി. തുടർന്ന് രോഗികൾക്ക് വീൽചെയർ വിതരണം. വൈകിട്ട് ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ നാടകം- പറന്നുയാരാന്നൊരു ചിറക്. തിരുനാൾദിനമായ ജനുവരി മൂന്നിന് വൈകീട്ട് അഞ്ചരയ്ക്ക് ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന. ദിവ്യബലിയിൽ കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കാർമ്മികത്വം വഹിക്കും. രാത്രി എട്ട‌ിന് പത്തനംതിട്ട ഒറിജിനൽസ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.