പറവൂർ: കേരളത്തിൽ ആദ്യമായി കഥാപ്രസംഗം അരങ്ങേറിയ വടക്കുംപുറത്ത് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ കഥാപ്രസംഗ പരിശീലന ക്യാമ്പ് 28ന് തുടങ്ങും. വടക്കുംപുറം ഗവ. യു.പി സ്കൂൾ വേദി.

പൊതുവിദ്യാഭ്യാസ വകുപ്പ്, പറവൂർ മേഖല പുരോഗമന കലാസാഹിത്യ സംഘം, താലൂക്ക് ലൈബ്രറി കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്. നൂറ് വർഷം മുമ്പ് വടക്കുംപുറം കേളപ്പനാശാന്റെ ഉടമസ്ഥതയിലെ - സരസ്വതീ ക്ഷേത്രം പാഠശാലയിൽ വച്ചാണ് ആദ്യമായി കഥാപ്രസംഗകല അവതരിപ്പിക്കപ്പെട്ടത്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ കഥാപ്രസംഗ ആവിഷ്കാരമാണ് സത്യദേവൻ അന്ന് അവതരിപ്പിച്ചത്‌. 1894ൽ ആരംഭിച്ച സരസ്വതീ ക്ഷേത്രം പാഠശാല, 1917ലെ സഹോദരൻ അയ്യപ്പൻ നടത്തിയ മിശ്രഭോജനത്തിന് നൽകിയ പങ്കാളിത്തം, 1916 ൽ വടക്കുംപുറത്ത് സ്ഥാപിച്ച ഈഴവോദയ സംഘം എന്നിവ കേളപ്പനാശാന്റെ മഹത്വപൂർണമായ പ്രവർത്തനങ്ങളാണ്. കേളപ്പനാശാന്റെ 155-ാം ജന്മവാർഷികം കൂടിയാണിത്. കഥാപ്രസംഗത്തിന്റെ നൂറ് വർഷം എന്ന പരിപാടിയോട് അനുബന്ധിച്ച് വടക്കുംപുറം ആശാൻ മൈതാനിയിൽ കഥാപ്രസംഗ അവതരണത്തിന്റെ സ്മാരകം, കേളപ്പനാശാൻ സ്മാരക സ്റ്റേജ് നിർമ്മാണം എന്നിവ നടത്തും.

വടക്കുംപുറം ചരിത്രഗ്രന്ഥവും പ്രസിദ്ധീകരിക്കും. രാവിലെ ഒമ്പതര മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്യാമ്പ്. കേരള സംഗീതനാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രശസ്തരായ കാഥികർ ക്ലാസുകൾക്ക് നേതൃത്വം നൽകുമെന്ന് ക്യാമ്പ് ഡയറക്ടർ കൈതാരം വിനോദ്കുമാർ അറിയിച്ചു.