ആലുവ: പൈപ്പ്‌ലൈൻ റോഡിൽ ആലുവ സെന്റ് മേരീസ് സ്കൂളിന് മുന്നിൽ നിന്ന് നിർമ്മല സ്കൂൾ വരെയുള്ള ഭാഗത്ത് നവീകരണത്തിന്റെ രണ്ടാംഘട്ടത്തിലെ ഇന്റർലോക്ക് ടൈൽ വിരിക്കൽ തുടങ്ങി. രണ്ടാംഘട്ടത്തിൽ ഫ്രണ്ട്ഷിപ്പ് മുതൽ നിർമ്മല സ്‌കൂൾ വരെയുള്ള മേഖലയിലാണ് കട്ടകൾ പാകുന്നത്. ഇതേതുടർന്ന് ഈ വഴിയുള്ള ഗതാഗതം ഒരാഴ്ചത്തേക്ക് നിരോധിച്ചു.

ആദ്യഘട്ടത്തിൽ സെന്റ് മേരീസ് സ്‌കൂളിന് സമീപത്ത് നിന്ന് വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിലൂടെ ഐ.എം.എ ഹാൾ വരെയാണ് ഇന്റർലോക്ക് കട്ട വിരിച്ചത്. ഈ ഒരു കിലോമീറ്റർ ദൂരം ഗതാഗതത്തിന് തുറന്നുകൊടുത്തശേഷമാണ് രണ്ടാംഘട്ടം ആരംഭിച്ചത്. ടാറിംഗ് നടത്തിയ റോഡ് വർഷങ്ങളായി തകർന്ന് ഗതാഗതയോഗ്യമല്ലാതെ കിടക്കുകയായിരുന്നു. റോഡിന് എട്ട് മീറ്റർ വീതിയുണ്ടെങ്കിലും മൂന്ന് മീറ്റർ വീതിയിൽ മാത്രമാണ് ഇന്റർലോക്ക് ടൈൽ വിരിക്കുന്നത്.

ഇരുവശത്തും ഒരു മീറ്റർ ഭാഗത്ത് കോൺക്രീറ്റ് ചെയ്യുകയാണ്. ചില സ്ഥലങ്ങളിലെ ഉയർച്ചതാഴ്ച പരിഹരിക്കാൻ ചരിച്ചാണ് കോൺക്രീറ്റ് ചെയ്യുന്നത്. അതിനാൽ രണ്ട് വാഹനങ്ങൾ എതിർദിശയിൽ വന്നാൽ അപകട സാധ്യതയുണ്ട്. ഇരുചക്രവാഹനങ്ങൾ തെന്നിനീങ്ങാനും സാദ്ധ്യതയുണ്ട്. ഇതുസംബന്ധിച്ച് 'കേരളകൗമുദി' വാർത്തയെ തുടർന്ന് സി.പി.എം ടൗൺ ലോക്കൽ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും നിർമ്മാണ രീതിയിൽ മാറ്റമൊന്നുമുണ്ടായില്ല.

അൻവർ സാദത്ത് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരുകോടിയിലേറെ രൂപ ചെലവഴിച്ച് ആലുവ നഗരസഭയുടെ പരിധിയിലാണ് നവീകരണം നടക്കുന്നത്.