ആലുവ: എടത്തലയിൽ അവധി ദിവസങ്ങളുടെയും രാത്രിയുടെയും മറവിൽ പാടശേഖരം നികത്തുന്നത് വ്യാപകമായെന്ന് പരാതി. പോട്ടച്ചിറ കുളത്തിന് സമീപം ഏക്കർക്കണക്കിന് വരുന്ന നൊച്ചിമ കല്ലുങ്കൽപറമ്പ് പാടശേഖരമാണ് ഒരു വിഭാഗം രാഷ്ട്രീയക്കാരുടെയും റവന്യു അധികൃതരുടെയും ഒത്താശയോടെ നികത്തുന്നത്.

വേനൽകാലത്തുപോലും വെള്ളംകെട്ടി നിൽക്കുന്ന കൃഷിഭൂമി നികത്തുന്നത് സമീപപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും കുടിവെള്ള ക്ഷാമത്തിനും ഇടയാക്കുമെന്നും ആക്ഷേപമുണ്ട്. ഭരണപക്ഷത്തെ ചിലരുടെയും പൊലീസ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയുള്ള പാടം നികത്തലിനെതിരെ ബി.ജെ.പി കർഷക മോർച്ച രംഗത്തെത്തിയിട്ടുണ്ട്. തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം കല്ലുങ്കൽപറമ്പ് പാടശേഖരത്തിൽ നിന്ന് മണ്ണ് നീക്കം ചെയ്യാനുള്ള നടപടിയെടുക്കണമെന്ന് സ്ഥലം സന്ദർശിച്ച കർഷകമോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് പി.സി. ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി എ. അജയകുമാർ എന്നിവർ ആവശ്യപ്പെട്ടു.

രാത്രിയുടെ മറവിൽ കൃഷിഭൂമി നികത്താൻ അനുവദിക്കില്ലെന്നും നേതാക്കൾ അറിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. പ്രസന്നകുമാർ, ബി.ജെ.പി.ആലുവ മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുംപടന്ന, നൊച്ചി മമേഖല പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറം തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.