പറവൂർ: ചാലക്കുടിയാറിലേക്ക് ഉപ്പ് വെള്ളം കയറുന്നത് തടയാൻ പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര - കോഴിത്തുരുത്ത് കരകളെ ബന്ധിപ്പിക്കുന്ന മണൽ ബണ്ട് നിർമ്മാണം ഇഴയുന്നു. മൂന്ന് ആഴ്ചകഴിഞ്ഞിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നിർമ്മാണം ആരംഭിച്ച് ഒരു മാസത്തിനുള്ള ബണ്ട് നിർമ്മാണം പൂത്തിയാകേണ്ടതാണ്. ബണ്ട് നിർമ്മാണം പൂർത്തിയാകാത്തതിനാൽ ചാലക്കുടിയാറിലേക്ക് ചെറിയതോതിൽ ഉപ്പുവള്ളം കയറിത്തുടങ്ങി. ബണ്ടിന്റെ മൂന്നിൽരണ്ട് ഭാഗം നിർമ്മാണമാണ് നടന്നിട്ടുള്ളത്. ഇരുകരകളും ബന്ധിപ്പിച്ചശേഷം ബണ്ടിന്റെ ഉയരം കൂട്ടി ബലപ്പെടുത്താനും ദിവസങ്ങളെടുക്കും. മഴ ഇല്ലാത്തതിനാൽ ഏത് സമയത്തും ഉപ്പുവെള്ളം ചാലക്കുടിയാറിലേക്ക് കയറാമെന്ന സ്ഥിതിയാണ്. അങ്ങനെ സംഭവിച്ചാൽ പുത്തൻവേലിക്കര പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലെ ശുദ്ധജല വിതരണം തടസപ്പെടും. പുത്തൻവേലിക്കരയടക്കം ആറിലധികം പഞ്ചായത്തുകളിലെ നൂറ് കണക്കിന് ഏക്കറിലെ കൃഷിയെയും ബാധിക്കും.