
കൊച്ചി: ഇന്ന് ക്രിസ്‌മസ്. ലോകത്തിന് പുതിയ പ്രതീക്ഷയരുളി ഉണ്ണിയേശു ജനിച്ച ദിനം ക്രൈസ്തവർ ആഘോഷിക്കുന്ന ദിവസം. കാലിത്തൊഴുത്തിൽ സാധാരണക്കാരനായി ജനിച്ച യേശുവിന്റെ ജന്മദിനമായ ക്രിസ്‌മസ് ദിനത്തിൽ ക്രൈസ്തവ മേലദ്ധ്യക്ഷാരുടെ സന്ദേശം.
കർദ്ദിനാൾ ജോർജ് ആലഞ്ചേരി, സിറോമലബാർസഭ
ലോകത്ത് നടന്ന ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്‌മസ്. ദൈവപുത്രന്റെ മനുഷ്യജന്മം. മനുഷ്യനെ ദൈവവുമായി അനുരഞ്ജനപ്പെടുത്തനുള്ള ജന്മം. മനുഷ്യന് ദൈവത്തോട് ചേർന്ന് ജീവിക്കാനുള്ള വഴിയാണ് മനുഷ്യവതാരം ചെയ്ത ദൈവപുത്രൻ. ക്രിസ്തുവിന്റെ ജനനം ലോകത്തിന് മുഴുവൻ സന്തോഷം പകരുന്ന ജനനം.
കാലിത്തൊഴുത്തിൽ പിറക്കുകയെന്നത് ദരിദ്രമായ സാഹചര്യമാണ്. ക്രിസ്തുവിന്റെ ജനനത്തിന് സമാനമായ അവസ്ഥകൾ മനുഷ്യചരിത്രത്തിലുണ്ട്. ഇന്നും പാതയോരങ്ങളിൽ ജനിക്കുന്ന ശിശുക്കളുണ്ട്. യുദ്ധകാലത്തിൽ അഭയാർത്ഥി ക്യാമ്പുകളിൽ ജനിക്കുന്നവരുണ്ട്. ജനിച്ചാലുടൻ മരണത്തിന് വിധിക്കപ്പെടുന്നവരുണ്ട്.
ദരിദ്രനായ ഒരാൾക്ക് ക്രിസ്‌മസ് ദിനത്തിൽ എന്തെങ്കിലും സഹായം നൽകാനാകുമെങ്കിൽ അതാണ് ഏറ്റവും വലിയ ആഘോഷം.
ആർച്ച് ബിഷപ്പ് സ്ഥാനം ഒഴിഞ്ഞാണ് ഇക്കുറി ക്രിസ്‌മസ് ഞാൻ ആഘോഷിക്കുന്നത്. കർത്താവിനോട് കൂടുതൽ താദാമ്യം പ്രാപിക്കാനുള്ള അവസരമാണ്. എല്ലാവരും കൂട്ടായ്‌മയിൽ ഒന്നിച്ച് സഭയിലും സമൂഹത്തിലും സ്നേഹത്തോടുകൂടി പരസ്പരം അംഗീകരിച്ചും ആദരിച്ചും ജീവിക്കാൻ കഴിയണം. എല്ലാവർക്കും ക്രിസമസ് മംഗളങ്ങൾ നേരുന്നു.
ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ,
ലത്തീൻ അതിരൂപത
ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിച്ചത് സ്വയം എളിമപ്പെടുത്തി കൊണ്ടാണ് പുൽക്കൂട്ടിലെ ഉണ്ണീശോ നമ്മെയും ക്ഷണിക്കുന്നത് എളിമപ്പെടലിന്റെ മനോഭാവത്തിലേക്കാണ്. സ്വയം എളിമപ്പെടുത്തുന്നവർക്ക് മാത്രമാണ് ഉണ്ണിയേശുവിനെ കാണാനും ആരാധിക്കാനും സാധിക്കുകയുള്ളൂ. അനുദിന
ജീവിതത്തിൽ ക്രിസ്തു മനുഷ്യനായി പിറക്കട്ടെ. വ്യക്തിജീവിതത്തിലും കുടുംബത്തിലും എല്ലായിടങ്ങളിലും ക്രിസ്തുവിന് ജനിക്കാൻ സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ ചരിക്കാം.
ഡോ. മാത്യൂസ് ഇവാനിയോസ് മെത്രാപ്പോലീത്ത
യാക്കോബായ സുറിയാനിസഭ
പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ ത്രീയേക ദൈവമെന്ന ലക്ഷ്യത്തിലെത്താൻ ജനനപ്പെരുന്നാൾ ആചരിച്ച് പുതുവത്സരത്തെ ആശ്ലേഷിക്കുകയാണ്. പ്രളയവും മഹാവ്യാധിയും സംസ്ഥാനം അതിജീവിച്ചത് പങ്കുവയ്ക്കലിന്റെ അനുഭവത്തിലൂടെയാണ്. ആ വലിയ അനുഭവം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച് രക്ഷകൻ കാണിച്ചുതന്ന മാർഗത്തിലൂടെ പ്രയാണം ചെയ്യാം. മഹാസന്തോഷം എന്നെന്നും നിലനിൽക്കുന്നതായി തീരട്ടെയെന്ന് ആശംസിക്കുന്നു.