മൂവാറ്റുപുഴ: ജനസംഖ്യാനുപാതികമായി എല്ലാ മേഖലയിലും ഈഴവ സമുദായത്തിന് പ്രാതിനിധ്യവും അവകാശവും വേണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൂവാറ്റുപുഴ യൂണിയന്റെ വടക്കൻ മേഖലാ മഹാസമ്മേളനം യൂണിയൻ ആസ്ഥാനത്തെ ശ്രാവണിക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഞാൻ ഈഴവനാണെന്ന് പറയുന്നതിൽ ഓരോ ഈഴവന്റെയും അന്തരംഗം അഭിമാനപൂരിതമാകണം. 'മാധവ സേവ, മാനവ സേവ' എന്നതായിരിക്കണം സാമുദായിക പ്രവർത്തനത്തിന്റെ മാർഗരേഖ. ഈഴവരാദി പിന്നാക്ക സമുദായാംഗങ്ങളുടെ പണം വേണം, പക്ഷേ അവർ അധികാരസ്ഥാനത്തു വരാൻ പാടില്ലെന്ന നിലപാട് സാമൂഹ്യനീതിയുടെ ലംഘനമാണ്.
വിദ്യാഭ്യാസ രംഗത്ത് ഈഴവ സമുദായത്തെ തഴയുന്നത് അംഗികരിക്കാനാവില്ല. എസ്.എൻ.ഡി.പി യൂണിയന്റെ കീഴിലുള്ള മൂവാറ്റുപുഴയിലെ ഹയർസെക്കൻഡറി സ്ക്കൂളിന് അഡിഷണൽ ബാച്ച് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്ന് മാത്രമല്ല മറ്റുള്ളവർക്ക് നൽകുകയും ചെയ്ത നീതികേടിനെ എതിർക്കുകതന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ എം.പി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അഡ്വ.എ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താംതവണയും മഹാവിജയം നേടിയ വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണമാണ് നൽകിയത്. യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ.പ്രഭ, യോഗം ഡയറക്ടർബോർഡ് മെംബർ അഡ്വ.എൻ. രമേശ്, യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, ടി.വി. മോഹനൻ, കെ.പി. അനിൽ, യൂണിയൻ പഞ്ചായത്ത്കമ്മിറ്റി അംഗങ്ങളായ എം.എസ്. വിത്സൻ, എൻ.ആർ. ശ്രീനിവാസൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി പി.എസ്. ശ്രീജിത്ത്, വനിതാസംഘം ഭാരവാഹി ഷീല അനിരുദ്ധൻ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് മെംബർ പ്രമോദ് കെ. തമ്പാൻ നന്ദി പറഞ്ഞു.