ആലുവ: പെരിയാറിൽ വാളാശേറി നീന്തൽ ക്ളബ് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം വേറിട്ടതായി.

'ഇനിയൊരു മുങ്ങിമരണം കൂടി സംഭവിക്കാതിരിക്കട്ടെ...എല്ലാവരും നീന്തൽ പരിശീലിക്കൂ' എന്ന മുദ്രാവാക്യവുമായാണ് ക്ളബ് അംഗങ്ങൾ പെരിയാറിലിറങ്ങിയത്. 15 ാമത് സൗജന്യ നീന്തൽ പരീശീലനത്തിന്റെ പ്രചരണാർത്ഥമായിരുന്നു പെരിയാറിലെ ക്രിസ്മസ് ആഘോഷം.

മുഖ്യപരിശീലകൻ സജി വാളാശേരിയുടെ നേതൃത്വത്തിൽ ക്ലബിലെ 20 ഓളം പേർ ഒരു കൈയിൽ കത്തിച്ചുപിടിച്ച മെഴുകുതിരിയുമായി ചെങ്ങമനാട് തുരുത്തിൽ നിന്ന് മഹിളാലയം പാലത്തിന് സമീപത്തേക്ക് നീന്തുകയായിരുന്നു. അര കിലോമീറ്റർ ദൂരമാണ് പെരിയാറിന് കുറുകെ നീന്തിയത്. സാന്റ്ക്ലോസ്, അലങ്കരിച്ച ബോട്ടുകൾ, കയാക്കുകൾ തുടങ്ങി കാരോളിന്റെതായ എല്ലാം സജ്ജീകരിച്ചിരുന്നു.

തുരുത്തിൽ ചെങ്ങമനാട് പഞ്ചായത്ത് അംഗം നഹാസ് കളപുരക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതിലാലു, വൈസ് പ്രസിഡന്റ് സ്‌നേഹ മോഹനൻ, പഞ്ചായത്ത് അംഗം നജീബ്, ഷിയാസ് അൽ സാജ് എന്നിവർ ചേർന്ന് മഹിളാലയം കടവിൽ നീന്തൽ താരങ്ങളെ സ്വീകരിച്ചു.