anoop

കൊച്ചി: എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ. എ.വി. അനൂപിനെ ഇന്ത്യ യൂറേഷ്യൻ ട്രേഡ് കൗൺസിൽ (ഐഇടിസി) ചെയർമാനായി തിരഞ്ഞെടുത്തു. സംരംഭകനും സാമൂഹിക പ്രവർത്തകനും ചലച്ചിത്ര നിർമ്മാതാവുമാണ് എ.വി. അനൂപ്. മെഡിമെക്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ അടങ്ങിയതാണ് ആയുർവേദ, ഹെർബൽ, ഭക്ഷ്യ ഉൽപന്നങ്ങളുടെ കൂട്ടായ്മയായ എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനി.

ഇന്ത്യ യൂറേഷ്യൻ ട്രേഡ് കൗൺസിലിന്റെ സമ്മേളനത്തിൽ ഇന്ത്യയിലെ കിർഗിസ് റിപ്പബ്ലിക്കിന്റെ അംബാസഡർ അസ്‌കർ സോൾചുബെക്കോവിച്ച് ബെഷിമോവ് മുഖ്യാഥിതിയായിരുന്നു.
യുറേഷ്യൻ മേഖലയുമായി ബിസിനസ് സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മേഖലാ സാദ്ധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന പരിപാടിയിൽ ചെന്നൈയിലെ റഷ്യൻ കോൺസൽ ഒലെഗ് എൻ. അവ്‌ദേവ് , വിദേശകാര്യ മന്ത്രാലയത്തിന്റെ ചെന്നൈ ശാഖ മേധാവി വെങ്കടാചലം മുരുകൻ, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ പ്രസിഡന്റ് ഡോ. ആസിഫ് ഇഖ്ബാൽ എന്നിവർ പങ്കെടുത്തു.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമ നിർമ്മിച്ചത് എ.വി. അനൂപാണ്.

ചെന്നൈയിലെ അണ്ണാനഗറിൽ ഐ.ഇ.ടി.സി ബോർഡ് ചെയർമാൻ ഡോ. അനൂപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യ യുറേഷ്യ ട്രേഡ് കൗൺസിലിന്റെ ഓഫീസും കിർഗിസ്ഥാൻ അംബാസഡർ ഉദ്ഘാടനം ചെയ്തു.