
ഫോർട്ട് കൊച്ചി: കൊച്ചി വാട്ടർ മെട്രോയുടെ ഫോർട്ടുകൊച്ചി ജെട്ടി നിർമ്മാണ പുർത്തിയാക്കൽ നീളുന്നത് മെട്രോ സർവീസിനെ അനിശ്ചിതത്വത്തിലാക്കുന്നു. കൊച്ചി അഴിമുഖത്ത് നിർമ്മിക്കുന്ന ജെട്ടിയിൽ മെട്രോ സർവീസ് പ്രവർത്തന സജ്ജമാക്കാൻ വൈകും. പൈതൃക നഗരിക്ക് ആദ്യം ഓണ സമ്മാനമായും പുതുവത്സര സമ്മാനമായും പ്രഖ്യാപിച്ച ജല മെട്രൊ ടെർമിനലും സർവീസും എന്ന് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർക്ക് പോലും അറിയാത്ത സ്ഥിതിയാണ്.
അഴിമുഖത്തെ ജെട്ടി നിർമ്മാണത്തിൽ കുസാറ്റ് - മദ്രാസ് ഐ.ഐ.ടിയിലെ സാങ്കേതിക പഠന റിപ്പോർട്ട് കാത്തിരിക്കുയാണ് അധികൃതരെന്നാണ് റിപ്പോർട്ട്. നിർമ്മാണം വൈകുന്നത് ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.
ആദ്യ ഘട്ടത്തിലെ വാട്ടർ മെട്രോ സർവീസ് കമ്മിഷനിംഗ് പട്ടികയിലുള്ള ഫോർട്ടു കൊച്ചി , മട്ടാഞ്ചേരി ജെട്ടി നിർമ്മാണം നീണ്ടുപോവുകയായിരുന്നു. 2019 ൽ നിർമ്മാണങ്ങൾ തുടങ്ങി 2021ൽ സർവീസ് സജ്ജമാകേണ്ട വാട്ടർ മെട്രൊ 2023 ഏപ്രിലിൽ ഉദ്ഘാടനം നടത്തിയപ്പോഴും ആദ്യഘട്ട ടെർമിനലുകളുടെ നിർമ്മാണം വൈകി. 2021ൽ നിർമ്മാണം തുടങ്ങിയ ഫോർട്ടുകൊച്ചി മെട്രോ ജെട്ടി ചീനവല സംരക്ഷണം ,പൈതൃക കെട്ടിടം പൊളിക്കൽ ,തുറമുഖട്രസ്റ്റിന്റെ അംഗീകാരമില്ലായ്മ ,എൻ. ഒ.സി നേടൽ ,ജെട്ടി നിർമ്മാണ സാങ്കേതികത്വം ,സുരക്ഷ തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളും നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാര തർക്ക നിയമനടപടികളും ടെർമിനൽ നിർമ്മാണത്തിന് തടസമായി.
കടലും കായലും സംഗമിക്കുന്ന ഫോർട്ടുകൊച്ചി വാട്ടർ മെട്രോ ജെട്ടിയിൽ മറൈൻ പ്ലാറ്റ് ഫോം നിർമ്മാണം നീളുകയായിരുന്നു. കടൽ കയറ്റവും കായലിലെ ജലമൊഴുക്കു ശക്തമായതും പ്ലാറ്റ് ഫോം നിർമ്മാണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. ജെട്ടിയുടെ ടെർമിനൽ ഹാളും പാലവും മാത്രമാണ് പുർത്തിയായത്. ജെട്ടിപ്രവർത്തന സജ്ജമാക്കേണ്ട ഒട്ടെറെ നിർമ്മാണങ്ങൾ ഇനിയുമുണ്ട്. നിലവിലുള്ള സ്ഥിതിയിൽ വാട്ടർ മെട്രോയുടെ ഫോർട്ടുകൊച്ചി സർവീസ് പുതുവത്സത്തിനും സജ്ജമാകില്ല. ഇത് ടുറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.