വൈപ്പിൻ: കൊച്ചി താലൂക്കിലെ എട്ടു സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള സമാശ്വാസ ഫണ്ട് വിതരണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ അംഗ സമാശ്വാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായി കൊച്ചി താലൂക്കുതല സഹകരണ സംഘങ്ങളിലെ 43 അംഗങ്ങൾക്ക് അനുവദിച്ച 9 ലക്ഷം രൂപയാണ് വിതരണം ചെയ്തത്.
കൊച്ചി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. കെ.വി. എബ്രഹാം അദ്ധ്യക്ഷനായി. ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് ആൽബി കളരിക്കൽ, കുമ്പളങ്ങി എസ്.സി, എസ്. ടി. സംഘം പ്രസിഡന്റ് വി.പി. സ്റ്റാലിൻ, കുഴുപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് അനന്ദകൃഷ്ണൻ, നായരമ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി, നോർത്ത് ചെല്ലാനം എസ്.സി.എസ് പ്രസിഡന്റ് വി.ജെ. നിക്‌സൺ, സഹകരണ അസി. രജിസ്ട്രാർ പി.എസ്. ശുഭ, നായരമ്പലം സഹകരണ ബാങ്ക് സെക്രട്ടറി ഉഷ എന്നിവർ സംസാരിച്ചു.