കിഴക്കമ്പലം: ഭാര്യാവീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. വാഴക്കുളം ചെമ്പറക്കി നാലു സെന്റ് കോളനിയിൽ പാക്കാട്ടുമോളം രവിയുടെ മകൾ അനുമോളാണ് (26) മരിച്ചത്. ഭർത്താവ് വാഴക്കുളം നോർത്ത് എഴിപ്രം കൈപ്പൂരിക്കര മല്ലപ്പള്ളിത്തടം കോളനിയിൽ രജീഷ് (31) തടിയിട്ടപറമ്പ് പൊലീസിന്റെ പിടിയിലായതായാണ് വിവരം.
ഭർത്താവുമായി പിണങ്ങി അനുമോൾ കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. അടുത്തിടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഇന്നലെ രാവിലെ അനുമോളുടെ മാതാപിതാക്കൾ കൂലിപ്പണിക്കായി പുറത്തു പോയ സമയത്താണ് കൊലപാതകം നടന്നത്. ഈ സമയം ഭർത്താവ് രജീഷ് വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ പിതാവ് രവി തിരിച്ച് വീട്ടിലെത്തുമ്പോൾ കഴുത്തിന് വെട്ടേറ്റ് രക്തം വാർന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ട മകളെ നാട്ടുകാരുടെ സഹായത്തോടെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമണിയോടെ മരിച്ചു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തടിയിട്ടപറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റി. സംഭവത്തിന് ശേഷം ബസിൽ കയറി രക്ഷപെടാൻ ശ്രമിച്ച രജീഷ് ആലുവ ഭാഗത്ത് വച്ച് പിടിയിലായതായാണ് വിവരം.
നിയമപ്രകാരം വിവാഹിതരായിരുന്നില്ല ഇവരെന്നും ബന്ധം തുടങ്ങിയത് മൂന്ന് വർഷം മുൻപായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കാരുകുളത്തുള്ള മറ്റൊരാളുമായി അനുമോൾക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകുന്ന മൊഴി. ഇതു സംബന്ധിച്ച് നേരത്തെ നിരവധി വഴക്കുകൾ ഇരുവരും തമ്മിലുണ്ടായിരുന്നു. തുടർന്നാണ് അനുമോൾ സ്വന്തം വീട്ടിലേക്ക് പോയത്. പ്രശ്നങ്ങൾ സംസാരിച്ച് തീർത്തിരുന്നതിനാൽ പിന്നീടുണ്ടായ പ്രകോപനമെന്തെന്ന കാര്യത്തിൽ കസ്റ്റഡിയിലുള്ള രജീഷിനെ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പെയിന്റിംഗ് ജോലിക്കാരനാണ് രജീഷ്. ഇവർക്ക് കുട്ടികളില്ല.