കൊച്ചി: ഒരു വർഷമായി അടഞ്ഞുകിടക്കുന്ന സിറോമലബാർ സഭയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ ക്രിസ്‌മസ് രാത്രിയിൽ പാതിരാക്കുർബാന നടന്നില്ല.

കുർബാനയ്ക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പില്ലാതിരുന്നതിനാൽ ബസിലിക്ക തുറക്കേണ്ടെന്ന് തീരുമാനിച്ചതായി വികാരിയും അഡ്മിനിസ്ട്രേറ്ററുമായ ഫാ. ആന്റണി പൂതവേലി അറിയിച്ചു. അതിരൂപതാ അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ബോസ്‌കോ പുത്തൂർ കൂരിയ അംഗങ്ങളുമായി ബസിലിക്ക തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. ഏകീകൃത കുർബാന മാത്രമേ ചൊല്ലുകയുള്ളൂവെന്നും പൊലീസ് സംരക്ഷണയിൽ ചൊല്ലാൻ താല്പര്യമില്ലെന്നും ആർച്ച് ബിഷപ്പ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഏകീകൃത കുർബാനയർപ്പിച്ചാൽ അനിഷ്ടസംഭവങ്ങൾ ആവർത്തില്ലെന്ന് ഉറപ്പില്ലാത്തതിനാൽ ബസിലിക്ക അടഞ്ഞുതന്നെ കിടക്കുന്നതാണ് ഉചിതമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടെന്ന് ഫാ. പൂതവേലി അറിയിച്ചു.