blasters

2-0ത്തിന് മുംബയ് സിറ്റിയെ തോൽപ്പിച്ച് കേരള ബ്ളാസ്റ്റേഴ്സ്

ബ്ളാസ്റ്റേഴ്സ് മുംബയ്‌യെ തോൽപ്പിക്കുന്നത് എട്ട് വർഷത്തിന് ശേഷം

കൊച്ചി: ക്രിസ്മസ് തലേന്ന് മഞ്ഞക്കടലായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മുംബയ് സിറ്റിയെ മറുപടിയല്ലാത്ത രണ്ട് ഗോളിന് തരിപ്പണമാക്കി കേരള ബ്ലാസ്റ്റേഴ്സിന്റെ ആഘോഷം. മുംബയ് സിറ്റിക്കെതിരെ എട്ട് വർഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടുന്നത്. മഞ്ഞപ്പടയ്ക്കായി ദിമിത്രിയോ ഡയമെന്റക്കോസും (12), ക്വാമി പെപ്രയും (45) വലകുലുക്കി. ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനം ടീം ഭദ്രമാക്കി. 27ന് മോഹൻ ബഗാനുമായി അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

കളിയുടെ തുടക്കം മുതൽ ആക്രമണം ആഴിച്ചുവിട്ട ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിട്ടിൽ തന്നെ മുംബയ്‌യെ വിറപ്പിച്ചു. വലതുവിംഗിലൂടെ പന്തുമായി കുതിച്ച കെ.പി. രാഹുലിന്റെ മിന്നൽ ഷോട്ട് പക്ഷേ ലക്ഷ്യംതെറ്റി പുറത്തേയ്ക്കാണ് പോയത്. പത്ത് മിനിട്ട് പിന്നിടും മുമ്പ് സ്റ്റേഡിയത്തെ ഇളക്കിമറിച്ച് ബ്ലാസ്റ്റേഴ്സ് സ്കോർ തുറന്നു. ഡയമെന്റക്കോസിന്റെ മാന്ത്രിക കാലുകൾ ആദ്യഗോൾ സമ്മാനിച്ചു. ഇടതുവിംഗിൽ നിന്ന് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മുന്നോട്ട് കുതിച്ച ക്വാമി പെപ്ര, ബോക്സിൽ നിലയുറപ്പിച്ച മൂന്ന് പ്രതിരോധ താരങ്ങൾക്കിടയിലൂടെ മദ്ധ്യഭാഗത്തേയ്ക്ക് നീട്ടിനൽകിയ പന്ത് ഡയമെന്റക്കോസ് ഏറ്റുവാങ്ങി. ചടുലനീക്കത്തിലൂടെ വലതുകാൽകൊണ്ട് പന്തിന്റെ ഗതി ഗോളിലേക്ക് വഴിതിച്ചുവിട്ടു. തട്ടിയകറ്റാൻ പാഞ്ഞെത്തിയ ഗോളി ലാച്ചൻപയുടെ ശ്രമം വിഫലം. തുടരെ തുടരെ ആദ്യ പകുതിയിൽ മുംബയ്‌യെ ബ്ലാസ്റ്റേഴ്സ് പരീക്ഷിച്ചുകൊണ്ടിരുന്നു.

സമനില പിടിക്കാൻ മുംബയും കളം നിറഞ്ഞതോടെ മത്സരം ആവേശമായി. 22ാം മിനിട്ടിൽ ജയേഷ് റാണയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേയ്ക്ക്. ആദ്യ പകുതി പിന്നിടാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ലഭിച്ച സുവർണാവസരം കെ.പി. രാഹുൽ കളഞ്ഞുകുളിച്ചു.തൊട്ടുപിന്നാലെ ഡയമെന്റക്കോസ് -പെപ്ര കൂട്ടുകെട്ട് മുംബയ് പ്രതിരോധക്കോട്ട പൊളിച്ചു. ബോക്സിന്റെ വലതുമൂലയിൽ നിന്ന് നൽകിയ പന്ത് ഏറ്റുവാങ്ങിയ പെപ്ര പ്രതിരോധ താരങ്ങളെയും ഗോളിയേയും കാഴ്ചക്കാരാക്കി അനായാസം ലക്ഷ്യത്തിലേക്ക് തട്ടിയിട്ടു. സ്റ്റേഡിയം ആവേശത്തിൽ ഇളകിമറിഞ്ഞു.

തിരിച്ചടിക്ക് മുംബയും ഒരുങ്ങി ഇറങ്ങിയതോടെ രണ്ടാം പകുതിയും ആവേശം നിറഞ്ഞു. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ വലകുലുക്കാൻ മുംബയ്ക്കാർക്കായില്ല. 67ാ മിനിട്ടിൽ പന്തുമായി പെപ്രയുടെ കുതിപ്പ് മുംബയുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ലാച്ചൻപ രക്ഷകനായി. സ്കോർ ഉയർത്താൻ നിരവധി അവസങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചെങ്കിലും മുംബയ് പ്രതിരോധത്തിൽ തട്ടിതകർന്നു. നായകൻ അഡ്രിയാൻ ലൂണയില്ലാതെ സീസണിൽ ആദ്യമത്സരത്തിന് ഇറങ്ങിയ ടീമിൽ ഒരുമാറ്റം മാത്രമാണ് വരുത്തിയത്. ക്യാപ്ടന്റെ റോളിൽ മാർക്കോ ലെസ്‌കോവിച്ച്. മറുവശത്ത് സ്ഥിരം ക്യാപ്ടനില്ലാതെയാണ് മുംബയും ഇറങ്ങിയത്. രാഹുൽ ബേകേയ്ക്ക് പകരം ഓസ്‌ട്രേലിയൻതാരം റോസ്റ്റിൻ ഗ്രിഫിത്‌സാണ് ടീമിനെ നയിച്ചത്.