
കൊച്ചി: പത്തുവയസുകാരി വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മുട്ടാർപുഴയിൽ തള്ളിയ കേസിൽ വിധി ഇന്ന്. കേസിൽ പിതാവ് സനു മോഹനാണ് (40) പ്രതി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറയുക. കട ബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ കൊലപാതകം നടത്തിയെന്നാണ് കുറ്റപത്രം. കഴിഞ്ഞ ഡിസംബർ അഞ്ചിന് ആരംഭിച്ച വിചാരണ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. 78 സാക്ഷികളെ വിസ്തരിച്ചു.
2021 മാർച്ച് 22നാണ് വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴയിലെ അമ്മയുടെ വീട്ടിൽ നിന്ന് വൈഗയെ കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടു വന്ന സനു, സോഫ്റ്റ് ഡ്രിങ്കിൽ മദ്യം ചേർത്തു നൽകി അബോധാവസ്ഥയിലാക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നും പിന്നീട് മുട്ടാർ പുഴയിൽ എറിഞ്ഞെന്നുമാണ് കേസ്.
ചുമത്തിയിട്ടുള്ള കുറ്രങ്ങൾ
• കൊലക്കുറ്റം,
• കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മദ്യമോ വിഷമോ മറ്റു ലഹരിയോ നൽകൽ
• തെളിവു നശിപ്പിക്കൽ
• ബാല നീതി നിയമപ്രകാരം കുട്ടികളോടുള്ള ക്രൂരത
• കുട്ടികൾക്ക് ലഹരി നൽകൽ
പൊട്ടിക്കരഞ്ഞ് വൈഗ
കൊലപ്പെടുത്തും മുമ്പ് ഒരുമിച്ച് മരിക്കാൻ പോവുകയാണെന്നും അമ്മയെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്നും സനു മകളോട് പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് പുറത്തേക്കു പോകാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്ത് അമർത്തിയാണ് ശ്വാസംമുട്ടിച്ച് അബോധാവസ്ഥയിലാക്കിയത്. മകളെ ഭാര്യയെ ഏൽപ്പിച്ച് ആത്മഹത്യചെയ്യാൻ താത്പര്യമില്ലായിരുന്നതിലാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു പ്രതിയുടെ മൊഴി.
കേസിന്റെ നാൾവഴി
• മാർച്ച് 21 രാത്രി 7.30 - തൃക്കുന്നപ്പുഴയിലെ അമ്മാവന്റെ വീട്ടിൽ സാനു വൈഗയുമായി യാത്ര പുറപ്പെടുന്നു.
• രാത്രി 9.30 - വൈഗയുമായി സാനു കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലെത്തി
• രാത്രി 10- വൈഗയെ ഷീറ്റിൽ പൊതിഞ്ഞ് കാറിൽ ഇരുത്തി
• മാർച്ച് 22 പുലർച്ചെ 1.46 - വാളയാർ ടോൾ പ്ളാസയിലെ സി.സി. ടിവിയിൽ സാനു കാർ
• മാർച്ച് 22 രാവിലെ 10.30 -വൈഗയുടെ മൃതശരീരം മുട്ടാർ റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം കണ്ടെത്തി
• ഏപ്രിൽ 10 - കൊല്ലൂർ മൂകാംബികയിലെ ബീന റെസിഡൻസിയിൽ സനു മുറിയെടുത്തു
• ഏപ്രിൽ 16 -ലോഡ്ജിൽ നിന്ന് കാണാതായി
• ഏപ്രിൽ 18 കർണാടകത്തിലെ കാർവാറിൽ നിന്ന് കർണാടക പൊലീസിന്റെ പിടിയിൽ
• ജൂലായ് 9- കേസിൽ 238 പേജുള്ള കുറ്റപത്രം നൽകി