കൊച്ചി: കൊച്ചിയുടെ ഭാവി വികസനം മുന്നിൽക്കണ്ട് തയ്യാറാക്കിയ കൊച്ചി മാസ്റ്റർപ്ലാൻ അനുമതിക്കായി ഉടൻ സർക്കാരിന് സമർപ്പിക്കും. കൗൺസിൽ അംഗീകാരത്തിന് ശേഷം അക്ഷേപങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിന് കൗൺസിലർമാർക്ക് ഒരാഴ്ചത്തെ സമയം നൽകിയിരുന്നു. ഇതിനുശേഷമാണ് സർക്കാരിന്റെ അംഗീകാരത്തിനായി നൽകുന്നത്.
ചെറിയ നിർദ്ദേശങ്ങൾ മാത്രമാണ് കൗൺസിലർമാർ അറിയിച്ചത്. ഇവയ്ക്ക് വലിയ പ്രാധാന്യം ഇല്ലാത്തിനാൽ നിലവിലെ മാസ്റ്റർപ്ലാനിൽ മാറ്റം വരുത്തിയിട്ടില്ല. സർക്കാരിന്റെ അനുമതി ലഭിച്ചാൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ പുതിയ മാസ്റ്റർ പ്ലാനാണ് ബാധകമാകുന്നത്.
മൊത്ത വിപണി, നഗര കാർഷിക സൗകര്യകേന്ദ്രം, ഐ.ടി വ്യവസായങ്ങൾ എന്നീ സ്‌പെഷ്യൽ സോണുകൾ മാസ്റ്റർ പ്ലാനിലുണ്ട്. മറൈൻഡ്രൈവ് വികസനം, മട്ടാഞ്ചേരിയിൽ ഹെറിറ്റേജ് സോൺ, വെള്ളക്കെട്ട് പ്രദേശങ്ങളുടെ പുനരുദ്ധാരണം, ബഫർസോൺ ഇളവുകൾ എന്നിവയും മാസ്റ്റർ പ്ലാനിൽ ഇടംപിടിച്ചിട്ടുണ്ട്.
അടുത്ത 25 വർഷം മുന്നിൽ കണ്ടുള്ള കൊച്ചിയുടെ വികസനം വിഭാവനം ചെയ്യുന്നതാണ് മാസ്റ്റർ പ്ലാൻ.
കൊച്ചിയുടെ മുഖച്ഛായമാറും
രൂപത്തിലും ഭാവത്തിലും മാറ്റം വരുന്ന പദ്ധതികൾ ഉൾപ്പെടുത്തിയുള്ള മാസ്റ്റർ പ്ലാൻ യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറും. നയപരമായ പല നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കെട്ടിടനിർമ്മാണം ഉൾപ്പടെ അപ്രായോഗിക നിബന്ധനകളിൽ നിന്നൊക്കെയും ജനങ്ങൾക്ക് ആശ്വാസം ലഭിക്കും. കെട്ടിട നിർമ്മാണം ഉൾപ്പെടെ നേരിട്ടുന്ന തടസങ്ങൾക്ക് പരിഹാരമുണ്ടാകും.
മോഡ്യൂൾ മാപ്പിൽ സർവേ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ കെട്ടിട നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. കോർപ്പറേഷൻ വെബ്‌സൈറ്റിലും നിർദ്ദിഷ്ട മാപ്പുകൾ ലഭിക്കും. ജിയോ റഫറൻസ് ചെയ്ത ബേസ് മാപ്പിൽ ജി.ഐ.എസ് പ്ലാറ്റ്‌ഫോമിലാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുള്ളത്.
കൗൺസിലർമാരിൽ നിന്ന് നിർദ്ദേശങ്ങൾ വന്നെങ്കിലും മാസ്റ്റർ പ്ലാനിൽ മാറ്രം വരുത്തിയിട്ടില്ല. അടുത്ത ദിവസം തന്നെ കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ സർക്കാരിലേക്ക് നൽകും.
അഡ്വ. എം. അനിൽകുമാർ
മേയർ