
കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിച്ച് പരമാവധി തീർത്ഥാടകർക്ക് സുരക്ഷിതമായി ദർശനസൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ദർശനം നടത്തിയവർ ഉടൻ മടങ്ങാൻ സന്നിധാനത്തും ഇടത്താവളങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും ദേവസ്വം അധികൃതർ മൈക്കിലൂടെ അറിയിപ്പ് നല്കണം. പൊലീസ് പട്രോളിംഗ് വാഹനങ്ങളും മൈക്ക് അനൗൺസ്മെന്റിന് ഉപയോഗപ്പെടുത്തണം. തീർത്ഥാടകർ മടങ്ങുന്നതനുസരിച്ച് നിലയ്ക്കലിലേക്ക് വാഹനങ്ങൾ കടത്തിവിടണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
തീർത്ഥാടകരുടെ വാഹനങ്ങൾ പലയിടങ്ങളിലും പിടിച്ചിട്ടിരിക്കുന്നതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് ദിവസം ദേവസ്വം ബെഞ്ച് അടിയന്തര നിർദ്ദേശങ്ങൾ നല്കുകയായിരുന്നു.പൊൻകുന്നം, മുണ്ടക്കയം, പാലാ, കാഞ്ഞിരപ്പള്ളി, തിരുനക്കര, ഏറ്റുമാനൂർ, വൈക്കം എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം ഏർപ്പെടുത്തുകയും കൂടുതൽ പൊലീസുകാരെ നിയോഗിക്കുകയും വേണമെന്ന് ഡി.ജി.പിക്ക് നിർദ്ദേശം നല്കി. വെർച്വൽ ക്യൂ - സ്പോട്ട് ബുക്കിംഗ് ഇല്ലാത്ത തീർത്ഥാടകരെ കടത്തി വിടരുത്. നിലയ്ക്കലെ പാർക്കിംഗ് നിറഞ്ഞാൽ ഗതാഗതം നിയന്ത്രിക്കണം. വെളിച്ചമോ കടകളോ ഇല്ലാത്ത മേഖലകളിൽ ഗതാഗതക്കുരുക്കുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.ഞായറാഴ്ച ഒന്നേകാൽ ലക്ഷത്തിലേറെ തീർത്ഥാടകർ ദർശനം നടത്തിയെന്നും മണ്ഡലപൂജയ്ക്കായി ഒരുവിഭാഗം സന്നിധാനത്ത് തുടരുകയാണെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.
ഇടത്താവളങ്ങളിൽ
സൗകര്യമൊരുക്കണം
ഇടത്താവളങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും തീർത്ഥാടകർക്കായി ദേവസ്വം ബോർഡിന്റെ അന്നദാനവും കുടിവെള്ള വിതരണവും ഉണ്ടാവണം. തിരക്ക് കണക്കിലെടുത്ത് ശൗചാലങ്ങളുമൊരുക്കണം. അതത് ഇടങ്ങളിലെ അസിസ്റ്റന്റ് കമ്മിഷണർമാർ ഇതിനു മേൽനോട്ടം വഹിക്കുകയും ദേവസ്വം കമ്മിഷണർക്ക് റിപ്പോർട്ട് നല്കുകയും വേണം.