
2023 വിട പറയുകയാണ്. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ ചില മോശം പ്രവണതകളോടും നാം വിട പറയേണ്ടതുണ്ട്. അതാകട്ടെ ഈ ലക്കത്തിൽ.
കൊവിഡിന് ശേഷം രാജ്യത്താകമാനം വിദ്യാർത്ഥികളിൽ പഠന വൈകല്യങ്ങൾ വർദ്ധിച്ചുവരുന്നതായി കാണുന്നു. പഠിക്കാൻ ബുദ്ധിമുട്ട്, വായിച്ചാൽ മനസിലാക്കാനുള്ള വിഷമം, തുടർച്ചയായി വായിക്കാനുള്ള ക്ഷമയില്ലായ്മ, മൈഗ്രേൻ, വിട്ടുമാറാത്ത തലവേദന, ഉറക്കക്കുറവ്, സ്വഭാവത്തിലുള്ള വ്യതിയാനം, സുഹൃത്ബന്ധങ്ങൾ ഉപേക്ഷിക്കുക, പരീക്ഷകളിൽ മാർക്ക് കുറവ്, ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുക മുതലായവ വൈകല്യങ്ങളുടെ പൊതുവായ ലക്ഷണങ്ങളാണ്. അകാരണമായ സ്‌ട്രെസ് അഥവാ മാനസിക പിരിമുറുക്കമാണ് ഇതിനു വഴിയൊരുക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ തുടർച്ചയായ ഉറക്കക്കുറവിനും മാനസിക രോഗങ്ങൾക്കും ഇടവരുത്തും. ഫലപ്രദമായ സ്‌ട്രെസ് മാനേജ്‌മെന്റാണ് ഇതിനു പരിഹാരം.
വിദ്യാർത്ഥികളുടെ മേൽ താങ്ങാവുന്നതിലധികം പഠനഭാരം വരുന്നതാണ് സ്ട്രെസിന്റെ പ്രധാന കാരണം. മദ്രാസ് ഐ.ഐ.ടിയിൽ 5 വിദ്യാർത്ഥികളാണ് 6 മാസത്തിനിടെ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ കോട്ടയിലെ എൻട്രൻസ് കോച്ചിംഗ് കേന്ദ്രത്തിലും വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് കൂടുതലാണ്. രക്ഷിതാക്കളും വിദ്യാർത്ഥികളും അദ്ധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുമിച്ച് ഇതിനുള്ള പരിഹാരം കണ്ടെത്തേണ്ടതുണ്ട്.
രക്ഷിതാക്കൾ പഠന ഭാരം അടിച്ചേൽപ്പിക്കരുത്
രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ മേൽ അമിതമായ പഠന ഭാരം അടിച്ചേൽപ്പിക്കരുത്. അകാരണമായ ഭീതിപ്പെടുത്തൽ, പരീക്ഷകളെക്കുറിച്ചുള്ള നിരന്തരമായ ഓർമപ്പെടുത്താൽ, എല്ലായ്‌പ്പോഴും പഠിക്കാനുള്ള പ്രേരണ, മറ്റു വിദ്യാർത്ഥികളുമായുള്ള താരതമ്യം എന്നിവ രക്ഷിതാക്കൾ ഒഴിവാക്കണം.
പരീക്ഷാപ്പേടി 40 ശതമാനം വിദ്യാർത്ഥികളിലുമുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമം അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകണം. അദ്ധ്യാപകർ വിദ്യാർത്ഥികളെ പരീക്ഷയുടെ പേരിൽ ഭീതിപ്പെടുത്തുന്ന പ്രവണത കണ്ടുവരാറുണ്ട്. പരീക്ഷാ വിജയമല്ല, മറിച്ച് ജീവിത വിജയമാണ് പ്രധാനം എന്ന തിരിച്ചറിവ് വിദ്യാർത്ഥിയിലുണ്ടാക്കണം. ലഹരി വസ്തുക്കൾ ഉപേക്ഷിക്കാനും, മികച്ച സുഹൃത്ബന്ധങ്ങൾ സ്ഥാപിക്കാനും വിദ്യാർത്ഥിയെ പ്രേരിപ്പിക്കണം.
വിദ്യാർത്ഥി ദിവസം 6 മണിക്കൂറെങ്കിലും ഉറങ്ങണം
പരീക്ഷ അടുക്കുമ്പോഴുള്ള അടിയന്തര പഠനമാണ് സ്‌ട്രെസ് വിളിച്ചുവരുത്തുന്നത്. വിദ്യാർത്ഥി കുറഞ്ഞത് ദിവസേന 6 മണിക്കൂറെങ്കിലും ഉറങ്ങണം. കളിക്കാനും പഠിക്കാനും ടി.വി കാണാനുമെല്ലാം സമയം നീക്കിവയ്ക്കണം. രാവിലെ എഴുന്നേറ്റ് യോഗ ചെയ്യുന്നതും പത്രം വായിക്കുന്നതും ശീലമാക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.അകാരണമായി രാത്രി മുഴുവൻ മൊബൈൽ ഫോണിലൂടെ സോഷ്യൽ മീഡിയയിലും ഗെയിമിലും സമയം കളയരുത്.
പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിലാണ് അനാവശ്യ ടെൻഷൻ കൂടുതലായി കാണുന്നത്. മിക്ക കോച്ചിംഗ് കേന്ദ്രങ്ങളും ഇതിനു പ്രേരിപ്പിക്കുന്നു. നമുക്ക് താങ്ങാവുന്നതിലധികം ഭാരം തലയിൽ ചുമക്കരുത്. പലപ്പോഴും കോഴ്‌സ് തിരഞ്ഞെടുക്കുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. വിദ്യാർത്ഥിയുടെ കഴിവും കഴിവുകേടും വിലയിരുത്തണം. കുടുംബത്തിലെയും സമൂഹത്തിലെയും സമ്മർദ്ദം ഒഴിവാക്കണം. താത്പര്യം, അഭിരുചി, ലക്ഷ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകണം.
താങ്ങാൻ പറ്റാത്ത കോഴ്‌സുകളെടുക്കരുത്. പഠനഭാരം വിലയിരുത്തി കോഴ്‌സുകൾ തിരഞ്ഞെടുക്കാം. കോഴ്‌സിന് ചേരുന്നതിനു മുമ്പ് രക്ഷിതാക്കൾ തൊഴിലിനെക്കുറിച്ചു ചിന്തിക്കരുത്.
പ്രവേശന പരീക്ഷ എഴുതാൻ താത്പര്യമില്ലാത്ത വിദ്യാർത്ഥികളെ നിർബന്ധിച്ച് കോച്ചിംഗിന് വിടരുത്. വിദേശ പഠനത്തിന് വിദ്യാർത്ഥികളെ അകാരണമായി പ്രേരിപ്പിക്കരുത്. തുടർച്ചയായി പഠന വൈകല്യങ്ങൾ കാണിക്കുന്ന വിദ്യാർത്ഥികളെ കൗൺസലിംഗിനു വിധേയമാക്കണം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൗൺസലിംഗ് കേന്ദ്രങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക രക്ഷാകർതൃ യോഗങ്ങളിൽ രക്ഷിതാക്കൾ പങ്കെടുക്കണം.