
കൊച്ചി: ദേശീയ സരസ് മേളയിൽ കടലാസിൽ തീർത്ത കരവിരുതുമായി ഒഡീഷ സംഘത്തിന്റെ വിപണന സ്റ്റാൾ. മരത്തിൽ കൊത്തി എടുത്തതാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവയുടെ നിർമ്മാണം.
ഫോട്ടോ ഫ്രെയിമുകൾ, പെൻ സ്റ്റാൻഡ്, ഫ്ലവർ സ്റ്റാൻഡ്, ആനയുടെ രൂപം തുടങ്ങിയ വിവിധ കരകൗശല വസ്തുക്കളാണ് സ്റ്റാളിലുള്ളത്. 130 രൂപ മുതൽ 650 രൂപവരെയാണ് ഇവയുടെ വില. ഒഡീഷ സർക്കാരിന്റെ സഹായത്തോടെയാണ് ഇവരുടെ പ്രവർത്തനം.
150 പേരാണ് സംഘത്തിലുള്ളത്. ഇതിനുമുമ്പ് പല സംസ്ഥാനങ്ങളിലെ മേളകളിൽ ഇവർ പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെത്തുന്നത് ആദ്യമാണ്. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇനിയും അവസരം കിട്ടിയാൽ കേരളത്തിലെത്തുമെന്നും സംഘം പറഞ്ഞു.