
ആലുവ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയെ അവഹേളിച്ചെന്ന പരാതിയിൽ എസ്.എഫ്.ഐ ചൂണ്ടി ഭാരത് മാതാ ലാ കോളേജ് യൂണിറ്റ് സെക്രട്ടറിയും ആലുവ ഏരിയാ കമ്മിറ്റി അംഗവുമായ അദീൻ നാസറിനെതിരെ എടത്തല പൊലീസ് കേസെടുത്തു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീൻ, ഗാന്ധിദർശൻ സമിതി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോർജ് ജോൺ വാലത്ത് എന്നിവരാണ് പരാതി നൽകിയത്.
21ന് കോളേജ് മുറ്റത്തെ ഗാന്ധിപ്രതിമയിൽ അദീൻ നാസർ അലങ്കാര വസ്തുക്കൾ ചാർത്തുകയും കറുത്ത കണ്ണട ധരിപ്പിക്കുകയും ചെയ്ത് വീഡിയോ എടുത്തതായാണ് പരാതി. 'ഗാന്ധിജി എന്തായാലും മരിച്ചതല്ലേ, പിന്നെന്താ" എന്ന് പറയുന്ന വീഡിയോ 25ന് വൈകിട്ടോടെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ സമരം ആരംഭിക്കുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു.
അതേസമയം, ആദിൻ നാസറിനെ ഒരു മാസം മുമ്പേ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും 15ന് ഏരിയാ കമ്മിറ്റി അംഗത്വത്തിൽ നിന്നും നീക്കിയതായി എസ്.എഫ്.ഐ ആലുവ ഏരിയ കമ്മിറ്റി അറിയിച്ചു. കോളേജ് വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ വീഡിയോ പ്രചരിച്ച ഉടൻ പരസ്യമായി മാപ്പ് പറയിപ്പിച്ചിരുന്നതായും എസ്.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.