gandhi-bhavan

അന്തേവാസികളായ അമ്മമാർക്ക് പിന്നാലെ അച്ഛന്മാർക്കും താമസിക്കാൻ ബഹുനില മന്ദിരം ഒരുങ്ങുന്നു

ഇരുപത് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മന്ദിരത്തിൽ 300 പേർക്ക് താമസിക്കാം

പത്തനാപുരം: പുതുവർഷത്തിൽ ഗാന്ധിഭവന് വലിയ സമ്മാനവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആയിരത്തിമുന്നൂറോളം അഗതികൾക്ക് അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലെ പുരുഷവയോജനങ്ങൾക്കായി എം.എ. യൂസഫലി നിർമ്മിച്ചുനൽകുന്ന ബഹുനില മന്ദിരത്തിന് ക്രിസ്മസ് ദിനത്തിൽ ശിലയിട്ടു.
ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജന്റെയും അന്തേവാസികളായ ചലച്ചിത്ര നടൻ ടി.പി. മാധവനടക്കം മുതിർന്ന പൗരന്മാരുടെയും സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ എം.എ. യൂസഫലിയാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്.

ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാർക്ക് താമസിക്കുവാൻ പതിനഞ്ച് കോടിയിലധികം തുക മുടക്കി യൂസഫലി നിർമ്മിച്ച ബഹുനില മന്ദിരത്തിനു സമീപത്താണ് പുതിയ കെട്ടിടം. മുന്നൂറോളം അന്തേവാസികൾക്ക് അത്യന്താധുനിക സൗകര്യങ്ങളോടെ താമസിക്കുവാനുള്ള സംവിധാനങ്ങളൊരുക്കുന്ന മൂന്ന് നില കെട്ടിടത്തിന് ഇരുപത് കോടി രൂപയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷ. ഏറ്റവും മുകളിൽ 700 പേർക്ക് ഇരിക്കാവുന്ന പ്രാർത്ഥനാഹാളുമുണ്ടാകും. അടിയന്തിര ശുശ്രൂഷാസംവിധാനങ്ങൾ, പ്രത്യേക പരിചരണവിഭാഗങ്ങൾ, ഫാർമസി, ലബോറട്ടറി, ലൈബ്രറി, ഡൈനിംഗ് ഹാൾ, മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രാർത്ഥനാമുറികൾ, ഡോക്ടർമാരുടെ പരിശോധനാ മുറികൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ, മാലിന്യസംസ്‌കരണ സംവിധാനങ്ങൾ, ഓഫീസ് സംവിധാനങ്ങൾ, കിടക്കകൾ, ഫർണീച്ചറുകൾ എന്നിവയെല്ലാമടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് യൂസഫലി പറഞ്ഞു.

2016 ആഗസ്തിലാണ് യൂസഫലി ആദ്യമായി ഗാന്ധിഭവൻ സന്ദർശിക്കുന്നത്. ഒറ്റപ്പെട്ടുപോകുന്നവർ ജീവിതസായന്തനത്തിൽ എല്ലാ സുഖസൗകര്യങ്ങളും ലഭിക്കണമെന്ന ചിന്തയിലാണ് ഗാന്ധിഭവനിൽ സഹായങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിഭവനിലെ അമ്മമാർക്കും അച്ഛന്മാർക്കുമൊപ്പം കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നശേഷമാണ് എം.എ. യൂസഫലി മടങ്ങിയത്.

ലുലു ഗ്രൂപ്പ് ഇന്റനാഷണൽ കമ്മ്യൂണിക്കേഷൻ മാനേജർ വി. നന്ദകുമാർ, ചീഫ് എഞ്ചിനീയർ ബാബു വർഗ്ഗീസ്, മീഡിയ ഹെഡ് ബിജു കൊട്ടാരത്തിൽ, യൂസഫലിയുടെ സെക്രട്ടറി ഇ.എ. ഹാരിസ്, തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, മീഡിയ കോഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് എന്നിവരും പങ്കെടുത്തു.