
കൊച്ചി: പുതുവത്സരാഘോഷം ലക്ഷ്യമിട്ട് മറിച്ചുവിൽക്കാൻ വാങ്ങിയ കഞ്ചാവിന്റെ ഗുണത്തെ ചൊല്ലി ജനവാസമേഖലയിൽ തമ്മിൽ തല്ലിയ ലഹരി സംഘങ്ങൾ ഇരുമ്പഴിക്കുള്ളിലായി. ആലപ്പുഴ മഹാവേദിക്കാട് വാകത്താനത്ത് ശ്രീമന്ദിരത്തിൽ അതുൽദേവ് (27), പാലക്കാട് മണ്ണാർക്കാട് ചെങ്കര മുണ്ടക്കോട്ട്കുന്നിൽ മുഹമ്മദ് അനസ് (21), ആലപ്പുഴ മഹാദേവിക്കാട് കാട്ടിൽവീട്ടിൽ എം. രാഹുൽ (22), പാലക്കാട് മണ്ണാർക്കാട് ചെങ്കര കരുവാതിൽവീട്ടിൽ അബു താഹീർ (21) എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
രണ്ട് കിലോ ഗ്രാം കഞ്ചാവും 1.01 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു. ലഹരിയൊളിപ്പിച്ച മിനി ചരക്ക് വാഹനം, കഞ്ചാവ് കടത്തിന് ഉപയോഗിച്ച കാർ, ബൈക്ക് എന്നിവ കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട്- ഹരിപ്പാട് സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സംഘത്തിന് വൻതോതിൽ കഞ്ചാവ് എത്തിച്ചിരുന്ന യുവാവിനായി അന്വേഷണം ആരംഭിച്ചു.
മണ്ണാർക്കാട് സംഘത്തിലുള്ളവരാണ് മുഹമ്മദ് അനസും അബു താഹിറും. കൊച്ചിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇരുവരും ഇടപ്പള്ളിയിലെ ലോഡ്‌ജിലാണ് താമസം. ഇതേ ലോഡ്ജിലെ താമസക്കാരാണ് ഹരിപ്പാട് സംഘത്തിലെ അതുലും രാഹുലും. മുഹമ്മദ് അനസിൽ നിന്നാണ് അതുൽ കഞ്ചാവ് വാങ്ങിയിരുന്നത്. പുതുവത്സരാഘോഷം ലക്ഷ്യമിട്ട് അതുൽ 60,000 രൂപയുടെ ഇടപാട് ഉറപ്പിച്ചു. കഴിഞ്ഞദിവസം മുഹമ്മദ് അനസ് സ്വന്തം കാറിൽ കഞ്ചാവ് ഹരിപ്പാട്ടെ അതുലിന്റെ വീട്ടിൽ എത്തിച്ചു നൽകി. എന്നാൽ കഞ്ചാവിന് ഗുണമില്ലെന്ന് കാട്ടി അതുൽ ഇത് തിരികെ കൊച്ചിയിലെത്തിച്ചു. ഇടപാട് തുക തിരികെ ആവശ്യപ്പെട്ടതോടെ തർക്കമായി. പണം നൽകില്ലെന്ന് പറഞ്ഞതോടെ അതുൽ മുഹമ്മദ് അനസിന്റെ സ്വിഫ്റ്റ് കാറുമായി കടന്നു. കഞ്ചാവ് ഇടപാടിന്റെ കാര്യം മറച്ചുവച്ച് മുഹമ്മദ് അനസ് കാർ തട്ടിക്കൊണ്ട് പോയെന്ന് കാട്ടി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അന്വേഷണത്തിൽ കാർ മേനക ഭാഗത്ത് കണ്ടെത്തി. ഇത് അറിഞ്ഞ് മുഹമ്മദ് അനസും അബു താഹീറും ബൈക്കിൽ മേനകയിലെത്തി. ഇരുവരെയും കണ്ടതോടെ കാറുമായി അതുലും രാഹുലും കടന്നു. പിന്തുടരുന്നതിനിടെ കോന്തുരുത്തിയിൽ വച്ച് കാർ നിയന്ത്രണംവിട്ട് മിനിപാർക്കിലേക്ക് ഇടിച്ചുകയറി. തുടർന്നാണ് രണ്ട് സംഘങ്ങളും ഏറ്റുമുട്ടിയത്. നാട്ടുകാർ ഓടിക്കൂടുകയും സംഭവം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് തടിതപ്പാൻശ്രമിച്ചെങ്കിലും പരിശോധനയിൽ മുഹമ്മദ് അനസിന്റെ പോക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തതോടെ നാല് പേരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ചോദ്യം ചെയ്യവെ കഞ്ചാവിന്റെ ഗുണത്തിന്റെ പേരിലാണ് അടിപിടിയും കാർ കടത്തലുമെന്ന് വ്യക്തമായി. നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൗത്ത് സി.ഐ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.