കൊച്ചി: കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ 103-ാം വാർഷികാഘോഷവും കേരളത്തിലെ സേവനമേഖലകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും സാദ്ധ്യതകളും വിലയിരുത്തുന്ന 'പവറിംഗ് കേരള കോൺക്ളേവും" നാളെ കൊച്ചിയിൽ നടക്കും. ബാങ്ക് ഒഫ് ബറോഡ അവതരിപ്പിക്കുന്ന കേരളകൗമുദി കൊച്ചി @ 103 പവറിംഗ് കേരള കോൺക്ലേവ്, ഐബിസ് ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്.

പാലാരിവട്ടം റിനൈ ഹോട്ടലിൽ രാവിലെ 10നാരംഭിക്കുന്ന ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, സഹകരണ രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി., ടി.ജെ. വിനോദ്കുമാർ എന്നിവർ വിശിഷ്ടാതിഥികളാകും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് ആമുഖപ്രഭാഷണം നടത്തും.

കാലടി സായിശങ്കരശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസനെക്കുറിച്ചുള്ള പുസ്തകം 'നന്മമരം" ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഹകരണമന്ത്രി വി.എൻ. വാസവന് നൽകി പ്രകാശനം ചെയ്യും. സാമൂഹിക, ബിസിനസ് മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ ചടങ്ങിൽ ആദരിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) റോയ് ജോൺ നന്ദിയും പറയും.

തുടർന്ന് നടക്കുന്ന പവറിംഗ് കേരള കോൺക്ളേവിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മോഡറേറ്ററാകും. ടെക്‌ജെൻഷ്യ ചീഫ് പ്രൊമോട്ടർ ജോയ് സെബാസ്റ്റ്യൻ, മുത്തൂറ്റ് ഫിനാൻസ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.ആർ. ബിജിമോൻ, ബാങ്ക് ഒഫ് ബറോഡ കേരള സോണൽ ഹെഡും ജനറൽ മാനേജരുമായ ശ്രീജിത്ത് കൊട്ടാരത്തിൽ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് ബി.ആർ. ജേക്കബ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ദ്രോത്ത്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എം.എം. ഹരീഷ് എന്നിവർ ചർച്ചയിൽ പങ്കെടുക്കും.